കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച്
കട്ടപ്പന: ആരോഗ്യവകുപ്പിന്റെയും കട്ടപ്പന നഗരസഭയുടെയും അനാസ്ഥക്കെതിരെ ഡി.വൈ.എഫ്.ഐ കട്ടപ്പന ബ്ലോക്ക് കമ്മിറ്റി കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ലാ സെക്രട്ടറി എസ്. സുധീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം. ശിവകുമാർ അധ്യക്ഷത വഹിച്ചു.
ഇരുപതേക്കർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം ആശുപത്രി പരിസരത്ത് പൊലീസ് തടഞ്ഞു. സെക്രട്ടറി നിയാസ് അബു, ജില്ലാ കമ്മിറ്റിയംഗം ആതിര ശ്രീകുമാർ, ലിജോമോൻ ജോസ്, അജിത് ജോസഫ്, സെബിൻ തോമസ്, അരുണ് ജോസഫ്, ശരത് ലാൽ സോജൻ, എബിൻ സി. ജിമ്മി, ഇ. ബെഞ്ചമിൻ, ആശ സോമൻ എന്നിവർ സംസാരിച്ചു.
കിടത്തിച്ചികിത്സ നിലച്ചത് രോഗികളെ ദുരിതത്തിലാക്കുന്നതായി ഡി.വൈ.എഫ്.ഐ ആരോപിച്ചു. സ്പെഷ്യലിസ്റ്റുകൾ ഉൾപ്പെടെ 15 ഡോക്ടർമാർ വേണ്ടിടത്ത് നിലവിൽ ഏഴുപേർ മാത്രമാണുള്ളതെന്നും പ്രതിദിനം 500ലേറെ രോഗികൾ ചികിത്സ തേടിയെത്തുന്നുണ്ടെന്നും നേതാക്കൾ പറഞ്ഞു. സ്പെഷ്യലിസ്റ്റുകൾ ഒ.പിയിലും അത്യാഹിത വിഭാഗത്തിലും സേവനം ചെയ്യുന്നതിനാൽ പകൽസമയത്ത് പീഡിയാട്രീഷ്യൻ ഉൾപ്പെടെയുള്ളവരുടെ സേവനം ലഭിക്കുന്നില്ലെന്നും അവർ ആരോപിച്ചു.
ഫോറൻസിക് സർജൻ, നഴ്സ്, നഴ്സിങ് അസിസ്റ്റന്റ്, ഫാർമസിസ്റ്റ്, അറ്റൻഡർ, ശുചീകരണ വിഭാഗം എന്നിവിടങ്ങളിലും തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായി ഡി.വൈ.എഫ്.ഐ ചൂണ്ടിക്കാട്ടി. മാസങ്ങളായി പോസ്റ്റ്മോർട്ടം നിലച്ചിരിക്കുകയാണെന്നും ഐ.സി.യു ആംബുലൻസിന്റെ സേവനം പൊതുജനങ്ങൾക്ക് ലഭിക്കുന്നില്ലെന്നും നേതാക്കൾ ആരോപിച്ചു.
ഹൈറേഞ്ചിലെ പ്രധാന ആതുരാലയമായ കട്ടപ്പന താലൂക്ക് ആശുപത്രിയെ തകർക്കാനുള്ള നീക്കത്തിനെതിരെ തുടർസമരങ്ങൾ സംഘടിപ്പിക്കുമെന്നും ഡി.വൈ.എഫ്.ഐ ഭാരവാഹികൾ അറിയിച്ചു.


