പ്രധാനമന്ത്രി പോഷൺ ശക്തി നിർമ്മാൺ പദ്ധതി; നെടുങ്കണ്ടത്ത് സോഷ്യൽ ഓഡിറ്റ് നടത്തി
നെടുങ്കണ്ടം: പ്രധാനമന്ത്രി പോഷൺ ശക്തി നിർമ്മാൺ പദ്ധതിയുടെ ഭാഗമായി നെടുങ്കണ്ടം വിദ്യാഭ്യാസ ഉപജില്ലയിലെ പച്ചടി ശ്രീനാരായണ എൽ.പി. സ്കൂളിൽ സോഷ്യൽ ഓഡിറ്റ് നടത്തി. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയവും കേരള വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ഓഡിറ്റിന് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) നേതൃത്വം നൽകി.
പച്ചടി, മഞ്ഞപ്പാറ, തൂവൽ, കുഴിത്തൊളു, ചേമ്പളം എന്നീ അഞ്ച് വിദ്യാലയങ്ങളെയാണ് നെടുങ്കണ്ടം ഉപജില്ലയിൽ ഇത്തവണ സോഷ്യൽ ഓഡിറ്റിനായി തെരഞ്ഞെടുത്തത്. ആദ്യഘട്ടത്തിൽ കില ഉദ്യോഗസ്ഥർ സ്കൂളും പരിസരവും പാചകപ്പുരയും നേരിട്ട് പരിശോധിച്ചു. തുടർന്ന് ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട കണക്കുകളും രേഖകളും പരിശോധിച്ചു.
ഇതിന്റെ ഭാഗമായി പ്രധാനാധ്യാപകൻ, ഉച്ചഭക്ഷണ കമ്മിറ്റി അംഗങ്ങൾ, പാചകത്തൊഴിലാളികൾ, രക്ഷിതാക്കൾ എന്നിവരെ പങ്കെടുപ്പിച്ച് സ്കൂൾ സഭയും ചേർന്നു.
നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കൽ അധ്യക്ഷത വഹിച്ച ചടങ്ങ് സേനാപതി വേണു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പി.കെ. ബിജു സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി മുഖ്യപ്രഭാഷണം നടത്തി. നെടുങ്കണ്ടം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജെൻസിമോൾ സി. മാങ്കോട്ടിൽ ആമുഖപ്രഭാഷണം നടത്തി. കില ഫെസിലിറ്റേറ്റർ അയൂബ് വിഷയാവതരണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സെലിൻ തോമസ്, മുകേഷ് മോഹൻ, കെ.പി. രാമചന്ദ്രൻ, സോണിയ മാർട്ടിൻ, ഷൈജു സണ്ണി, ഡയറ്റീഷൻ മഞ്ജു, കൃഷിഭവനിലെ ആശ, പി.ടി.എ സെക്രട്ടറി കെ.വി. സതീഷ് എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് എം.ആർ. രതീഷ് നന്ദി പറഞ്ഞു.


