ഈട്ടിത്തോപ്പിലെ ഹോമിയോ ആശുപത്രി മാറ്റിയെന്ന പ്രചാരണം വസ്തുതാവിരുദ്ധമെന്ന് പഞ്ചായത്ത് ഭരണസമിതി
ഇരട്ടയാർ: ഈട്ടിത്തോപ്പിലെ ഹോമിയോ ആശുപത്രി ഇരട്ടയാറിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് ഇരട്ടയാർ പഞ്ചായത്ത് ഭരണസമിതി. വർഷങ്ങളായി ഈട്ടിത്തോപ്പിലെ ഹോമിയോ ആശുപത്രി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് ഉപാധികളുടെ അടിസ്ഥാനത്തിലാണ് ഫിറ്റ്നസ് ലഭിച്ചിരുന്നതെന്ന് ഭരണസമിതി വ്യക്തമാക്കി.
കെട്ടിടത്തിന്റെ പ്രശ്നം സംബന്ധിച്ച് എച്ച്.എം.സി യോഗത്തിലും വാർഡ് അംഗങ്ങളെയും അറിയിച്ച് പരിഹാരം കാണണമെന്ന് മെഡിക്കൽ ഓഫീസർ ആവശ്യപ്പെട്ടിരുന്നെങ്കിലും മുൻ ഭരണസമിതികൾക്കും വാർഡ് അംഗങ്ങൾക്കും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞില്ലെന്ന് ഭരണസമിതി പറഞ്ഞു.
നിലവിലെ കെട്ടിടത്തിൽ ആശുപത്രി പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും ബദൽ സംവിധാനം ഒരുക്കി ആശുപത്രി പ്രവർത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിയില്ലെങ്കിൽ ആശുപത്രി തന്നെ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി ഡി.എം.ഒ പഞ്ചായത്തിന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രി ഇരട്ടയാറിലേക്ക് മാറ്റിയതെന്നും ഭരണസമിതി വിശദീകരിച്ചു.
അധികാരത്തിലിരുന്നപ്പോൾ ആശുപത്രിക്കായി ആവശ്യമായ നടപടികൾ സ്വീകരിക്കാതിരുന്നവർ ഇപ്പോൾ രാഷ്ട്രീയ മുതലെടുപ്പിനും നാട്ടുകാർക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാനുമായി ശ്രമിക്കുകയാണെന്നും പഞ്ചായത്ത് ഭരണസമിതി ആരോപിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രജനി, വൈസ് പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ട്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സിജോ ഇലന്തൂർ, മേരിക്കുട്ടി പൗലോസ്, റോസമ്മ മാത്യു, പഞ്ചായത്തംഗങ്ങളായ കിരൺ ഉതിരക്കുളം, ജാൻസി കുറ്റിനിക്കൽ, ഷീബ കളത്തിക്കുന്നേൽ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.


