"അരങ്ങിലെ അതുല്യ പ്രതിഭയ്ക്ക് നാടിന്റെ ഓർമപ്പൂക്കൾ"

കെ.സി. ജോർജ് അനുസ്മരണവും നാടക പ്രതിഭാ പുരസ്‌കാര സമർപ്പണവും കട്ടപ്പന സിഎസ്ഐ ഗാർഡനിൽ സംഘടിപ്പിച്ചു

"അരങ്ങിലെ അതുല്യ പ്രതിഭയ്ക്ക് നാടിന്റെ ഓർമപ്പൂക്കൾ"

കട്ടപ്പന: ഇടുക്കിയുടെ നാടകവേദിക്ക് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ നാടകപ്രതിഭ കെ.സി. ജോർജിന്റെ രണ്ടാം ചരമവാർഷിക ദിനാചരണവും കെ.സി. നാടക പ്രതിഭാ പുരസ്‌കാര സമർപ്പണവും കട്ടപ്പന സി.എസ്.ഐ ഗാർഡനിൽ നടന്നു. കട്ടപ്പന നഗരസഭാ അധ്യക്ഷൻ ജോയി വെട്ടിക്കുഴി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

നാടക-സീരിയൽ രംഗത്ത് സജീവമായി പ്രവർത്തിച്ചുവരുന്നതിനിടെയാണ് കെ.സി. ജോർജ് 2024 സെപ്റ്റംബർ 23ന് അപ്രതീക്ഷിതമായി വിടപറഞ്ഞത്. മികച്ച നാടക രചനയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം രണ്ടുതവണ നേടിയിട്ടുള്ള കെ.സി. ജോർജ് ഇടുക്കിയുടെ നാടകവേദിയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു.

Slide 1
Slide 2
Slide 3
Slide 4

കെ.സി. സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു അനുസ്മരണ സമ്മേളനവും പുരസ്‌കാര സമർപ്പണവും. ഇടുക്കിയിലെ മുതിർന്ന നാടക-സിനിമ നടൻ ജോസഫ് ചിലമ്പന് ഇത്തവണത്തെ കെ.സി. നാടക പ്രതിഭാ പുരസ്‌കാരം സമ്മാനിച്ചു. 10,001 രൂപയും ഉപഹാരവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രശസ്ത നാടക-സിനിമ നടൻ രാജേഷ് ശർമ പുരസ്‌കാരം സമർപ്പിച്ചു.

മികച്ച നാടകകൃത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം നേടിയ ഹേമന്ത്കുമാർ കെ.സി. അനുസ്മരണ പ്രഭാഷണം നടത്തി. നാടകവേദിയിലെ കെ.സി. ജോർജിന്റെ സംഭാവനകളും വ്യക്തിബന്ധങ്ങളും അനുസ്മരണത്തിൽ പരാമർശിക്കപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4

‘അമർഷനഗരം’ പ്രകാശനം ചെയ്തു

Slide 1
Slide 2
Slide 3
Slide 4

കെ.സി. ജോർജിന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്കാര ജേതാവ് മോബിൻ മോഹന്റെ പുതിയ കഥാസമാഹാരം ‘അമർഷനഗരം’ പ്രകാശനം ചെയ്തു. എഴുത്തുകാരൻ കാഞ്ചിയാർ രാജൻ പുസ്തകം പ്രകാശനം ചെയ്തപ്പോൾ കെ.സി. ജോർജിന്റെ ജീവിതപങ്കാളി ബീന ജോർജ് ഏറ്റുവാങ്ങി.

കെ.സി. ജോർജിനോടുള്ള ആത്മബന്ധം പങ്കുവെച്ചുകൊണ്ടാണ് പുസ്തകം അദ്ദേഹത്തിന് സമർപ്പിച്ചിരിക്കുന്നതെന്ന് മോബിൻ മോഹൻ പറഞ്ഞു. എഴുത്തിലും ജീവിതത്തിലും നിർദ്ദേശങ്ങളും തിരുത്തലുകളുമായി കെ.സി. ജോർജ് ഒപ്പമുണ്ടായിരുന്നുവെന്നും, അദ്ദേഹത്തിന്റെ വേർപാട് വലിയ ശൂന്യതയാണ് സൃഷ്ടിച്ചതെന്നും മോബിൻ മോഹൻ അനുസ്മരിച്ചു.

തുടർന്ന് സംസ്ഥാന സർക്കാരിന്റെ ആറ് പുരസ്‌കാരങ്ങൾ നേടിയ വള്ളുവനാട് ബ്രഹ്മയുടെ ‘പകലിൽ മറഞ്ഞിരുന്നൊരാൾ’ എന്ന നാടകവും അരങ്ങിലെത്തി.

ചടങ്ങിൽ ഡ്രാമാനന്ദം രക്ഷാധികാരിയും നാടക-സീരിയൽ നടനുമായ പയ്യന്നൂർ മുരളി, നാടക പ്രവർത്തകൻ ഗോപൻ മാവേലിക്കര, ജനപ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.കെ.സി. ജോർജിന്റെ കലാജീവിതത്തെയും നാടകവേദിക്കുള്ള സംഭാവനകളെയും ഓർമിച്ച ചടങ്ങ്, അദ്ദേഹത്തിന്റെ ഓർമകൾ പുതിയ തലമുറയിലേക്കും നാടകപ്രവർത്തകരിലേക്കും പകർന്നുനൽകുന്ന വേദിയായി മാറി.