2.205 കിലോ ഉണക്ക കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി കാഞ്ഞിരപ്പള്ളിയിൽ അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന 2.205 കിലോഗ്രാം ഉണക്ക കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി കാഞ്ഞിരപ്പള്ളിയിൽ അറസ്റ്റിൽ. മുർഷിദാബാദ് സ്വദേശി ജാഹിദുൾ ഇസ്ലാം (22) ആണ് പിടിയിലായത്.
ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡ് (DANSAF), കാഞ്ഞിരപ്പള്ളി പോലീസ്, ഡിവൈഎസ്പിയുടെ തൂഫാൻ ടീം എന്നിവരുടെ സംയുക്ത പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
സെപ്റ്റംബർ 23 പുലർച്ചെ കാഞ്ഞിരപ്പള്ളി കുരിശുകവല ജംഗ്ഷന് സമീപം ബാഗുമായി സംശയാസ്പദമായി നിൽക്കുകയായിരുന്ന യുവാവിനെ പോലീസ് പരിശോധിക്കുകയായിരുന്നു. ബാഗിനുള്ളിൽ രണ്ട് പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തി.
മഴക്കാലത്ത് മോഷണശ്രമങ്ങൾ തടയുന്നതിനായി നടത്തിയ രാത്രികാല പട്രോളിംഗിനിടെയാണ് ഇയാൾ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇയാൾക്കെതിരെ നേരത്തെ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എൻഡിപിഎസ് നിയമപ്രകാരം നാല് കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
ഈരാറ്റുപേട്ടയിൽ താമസിച്ച് അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന ഇയാൾ പോലീസ് നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാനാണ് കാഞ്ഞിരപ്പള്ളിയിലേക്ക് താമസം മാറ്റിയത്. ടൈൽ പണിക്കാരനാണെന്ന് പറഞ്ഞിരുന്നെങ്കിലും, ഇടയ്ക്കിടെ നാട്ടിൽ പോയി മടങ്ങിവരുമ്പോൾ വലിയ അളവിൽ ലഹരിവസ്തുക്കൾ എത്തിച്ച് വിൽപ്പന നടത്തുന്നതായിരുന്നു രീതിയെന്നും പോലീസ് പറഞ്ഞു. ഇതേത്തുടർന്ന് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.
കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ എൻഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ വർഷ മധു, എസ്.ഐ മഹേഷ് കെ.എൽ., എസ്.സി.പി.ഒ രതീഷ്, ഡ്രൈവർ സി.പി.ഒ അൻസാർ ഹംസ, ഡാൻസാഫ് അംഗങ്ങളായ ശ്രീരാജ് ജി. നായർ, വിമൽ, അനൂപ്, തൂഫാൻ സ്ക്വാഡ് അംഗങ്ങളായ സുജിത് എം.വി., ഷെമീർ, ബോബി, മഹേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.


