ജലാശയത്തിലേക്ക് മലിനജലം ഒഴുക്കി; ടീ ഫാക്ടറി ഉൾപ്പെടെ അഞ്ച് സ്ഥാപനങ്ങൾക്ക് 1.08 ലക്ഷം രൂപ പിഴ

ജലാശയത്തിലേക്ക് മലിനജലം ഒഴുക്കി; ടീ ഫാക്ടറി ഉൾപ്പെടെ അഞ്ച് സ്ഥാപനങ്ങൾക്ക് 1.08 ലക്ഷം രൂപ പിഴ

ദേവികുളം: ജലാശയത്തിലേക്ക് മലിനജലം ഒഴുക്കിയതടക്കമുള്ള നിയമലംഘനങ്ങളിൽ അഞ്ച് സ്ഥാപനങ്ങൾക്കെതിരെ നടപടി. തദ്ദേശസ്വയംഭരണ വകുപ്പ് ഇടുക്കി ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡും ദേവികുളം ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്ഥാപനങ്ങളിൽനിന്ന് ആകെ 1,08,500 രൂപ പിഴ ഈടാക്കിയത്.

ജലാശയത്തിലേക്ക് മലിനജലം ഒഴുക്കിയതായി കണ്ടെത്തിയ എല്ലപ്പെട്ടി ടീ ഫാക്ടറി, എട്ടാംമൈൽ ലൈഫ് ലൈൻ ഹോട്ടൽ എന്നിവർക്കെതിരെയാണ് പ്രധാനമായും നടപടി സ്വീകരിച്ചത്. ലൈഫ് ലൈൻ ഹോട്ടലിനെതിരെ അഞ്ച് മാസം മുമ്പും സമാന നിയമലംഘനത്തിന് പിഴ ചുമത്തിയിരുന്നു. എന്നാൽ അന്ന് ചുമത്തിയ പിഴ അടയ്ക്കാതിരിക്കുകയും തുടർന്ന് വീണ്ടും നിയമലംഘനം നടത്തുകയും ചെയ്തതായി പരിശോധനയിൽ കണ്ടെത്തി. ഇതേത്തുടർന്നാണ് സ്ഥാപനത്തിനെതിരെ വീണ്ടും നടപടി സ്വീകരിച്ചത്.

Slide 1
Slide 2
Slide 3
Slide 4

സ്ഥാപനങ്ങളുടെ പരിസരത്ത് മാലിന്യം വലിച്ചെറിഞ്ഞ് വൃത്തിഹീനമാക്കിയതും പ്ലാസ്റ്റിക് കത്തിച്ചതും കണ്ടെത്തിയ മൂന്ന് സ്ഥാപനങ്ങൾക്കെതിരെയും എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് നടപടി സ്വീകരിച്ചു.

മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ തുടർന്നും കർശന പരിശോധനയും നടപടികളും സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4