മനുഷ്യത്വരഹിതമായ ഉത്തരവ് പിൻവലിക്കണം: ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ പ്രതിഷേധം
വന്യജീവി ആക്രമണങ്ങളുടെ മൂലകാരണം വന്യജീവികളുടെ സഞ്ചാരപാതകൾ അടച്ചതാണെന്ന ഇടുക്കി ജില്ലാ കളക്ടറുടെ കണ്ടെത്തൽ അശാസ്ത്രീയവും യാഥാർഥ്യവിരുദ്ധവുമാണെന്ന് ഇടുക്കി രൂപത മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരയ്ക്കാട്ട്.
കട്ടപ്പന: വന്യജീവി ആക്രമണങ്ങളുടെ മൂലകാരണം വന്യജീവികളുടെ സഞ്ചാരപാതകൾ അടച്ചതാണെന്ന ഇടുക്കി ജില്ലാ കളക്ടറുടെ കണ്ടെത്തൽ അശാസ്ത്രീയവും യാഥാർഥ്യവിരുദ്ധവുമാണെന്ന് ഇടുക്കി രൂപത മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരയ്ക്കാട്ട്. ജനങ്ങളുടെ സുരക്ഷയ്ക്കായി സ്ഥാപിച്ച വേലികളും മതിലുകളും പൊളിച്ചുനീക്കാനുള്ള ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സെപ്റ്റംബർ 23ന് ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് പ്രതികരണം. വന്യജീവികളുടെ സ്വാഭാവിക സഞ്ചാരത്തിന് തടസ്സമാകുന്ന വേലികൾ, മതിലുകൾ, മറ്റ് നിർമിതികൾ എന്നിവ കണ്ടെത്തി എത്രയും വേഗം നീക്കം ചെയ്യണമെന്നാണ് ഉത്തരവിലെ നിർദേശം.
ജനവാസ മേഖലകളിലേക്കും കൃഷിയിടങ്ങളിലേക്കും വന്യജീവികൾ കടന്നുകയറുന്നത് തടയാൻ ജനങ്ങൾ സ്വന്തം നിലയിൽ സ്ഥാപിച്ച സുരക്ഷാ സംവിധാനങ്ങളാണ് ഇത്തരം വേലികളും മതിലുകളുമെന്ന് ഫാ. ജിൻസ് കാരയ്ക്കാട്ട് പറഞ്ഞു. ഇവ പൊളിച്ചുനീക്കുന്നത് ജനങ്ങളെ വന്യജീവി ആക്രമണങ്ങൾക്ക് തുറന്നുകൊടുക്കുന്നതിന് സമാനമാണ്.
വനാതിർത്തികളിൽ സോളാർ വേലി, ഫെൻസിംഗ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനും ഉത്തരവ് ഭാവിയിൽ തടസ്സമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വന്യജീവികളെ വനത്തിനുള്ളിൽ നിയന്ത്രിക്കുന്നതിനുപകരം അവയ്ക്ക് ജനവാസ മേഖലകളിലേക്ക് പ്രവേശിക്കാൻ സാഹചര്യമൊരുക്കുന്നതാണ് ഉത്തരവിലൂടെ ഉണ്ടാകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ആവശ്യമായ ശാസ്ത്രീയ പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും അടിസ്ഥാനമില്ലാതെ ഏകപക്ഷീയമായി ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളുന്നത് പ്രതിഷേധാർഹമാണെന്നും ഫാ. ജിൻസ് കാരയ്ക്കാട്ട് പറഞ്ഞു. ജനങ്ങളുടെ ആശങ്കയും സുരക്ഷാഭീതിയും കണക്കിലെടുത്ത് ഉത്തരവ് അടിയന്തരമായി പിൻവലിക്കാൻ ഭരണകൂടം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


