48 വർഷത്തെ കാത്തിരിപ്പിന് വിരാമം; സരോജിനിക്ക് ഇനി സ്വന്തം ഭൂമിയുടെ അവകാശം

48 വർഷത്തെ കാത്തിരിപ്പിന് വിരാമം; സരോജിനിക്ക് ഇനി സ്വന്തം ഭൂമിയുടെ അവകാശം

ചെറുതോണി: പട്ടയത്തിനായി അഞ്ച് പതിറ്റാണ്ടോളം കാത്തിരുന്ന 79കാരി സരോജിനിക്ക് ഒടുവിൽ സ്വന്തം ഭൂമിയുടെ അവകാശരേഖ.

ഇടുക്കി ജില്ലാതല പട്ടയമേളയിൽ 683 പട്ടയങ്ങൾ വിതരണം ചെയ്തു; പട്ടയവിതരണം വേഗത്തിലാക്കുമെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ.

Slide 1
Slide 2
Slide 3
Slide 4

പത്തനംതിട്ടയിലെ കോന്നിയിൽ നിന്ന് 48 വർഷം മുൻപ് ഭർത്താവിനൊപ്പം കരുണാപുരം കുരുവിക്കാനത്ത് കുടിയേറിയ സരോജിനി 62 സെന്റ് ഭൂമിയുടെ പട്ടയത്തിനായി വർഷങ്ങളായി കാത്തിരിക്കുകയായിരുന്നു. ഭർത്താവിന്റെ മരണശേഷവും അപേക്ഷകളും കാത്തിരിപ്പും തുടർന്നു. നടക്കാൻ പോലും ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ മകൻ ഹരിക്കൊപ്പം ചെറുതോണിയിലെത്തിയ സരോജിനിക്ക് മന്ത്രി നേരിട്ടെത്തിയാണ് പട്ടയം കൈമാറിയത്. പട്ടയം ലഭിച്ച സന്തോഷത്തിൽ സരോജിനിയുടെ കണ്ണുകൾ നിറഞ്ഞു.

വാളറ തുമ്പിപ്പാറക്കുടിയിലെ ഹൃദ്രോഗിയായ ചെല്ലമ്മയ്ക്കും 15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പട്ടയം ലഭിച്ചു. ഭൂമി ഈടുവെച്ച് ചികിത്സയ്ക്കായി വായ്പയെടുക്കാൻ പോലും കഴിയാതിരുന്ന കുടുംബത്തിന് പട്ടയം ആശ്വാസമായി. തുമ്പിപ്പാറക്കുടിയിലെ അനീഷ് തങ്കപ്പന്റെ കുടുംബത്തിനും വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷമാണ് പട്ടയം ലഭിച്ചത്. മക്കളുടെ ഉപരിപഠനത്തിന് ബാങ്ക് വായ്പ എടുക്കാനാകുമെന്ന സന്തോഷത്തിലാണ് കുടുംബം.

നൂറുദിന കർമപരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് 7,000 പട്ടയങ്ങൾ വിതരണം ചെയ്യുന്നത് പട്ടയവിതരണത്തിലെ സർക്കാരിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണെന്ന് മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. പട്ടയത്തിനായി വർഷങ്ങളോളം കാത്തിരിക്കേണ്ട സാഹചര്യം ഒഴിവാക്കുമെന്നും നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Slide 1
Slide 2
Slide 3
Slide 4

സെപ്റ്റംബർ 30നകം പുതുക്കിയ കുത്തകപ്പാട്ട നിരക്ക് ഉൾപ്പെടുത്തിയുള്ള ഉത്തരവ് പുറത്തിറക്കുമെന്നും അടുത്ത മാസം മുതൽ കുത്തകപ്പാട്ട നികുതി അടയ്ക്കാനുള്ള സൗകര്യമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. നിർമാണ നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പൈനാവിലെ ടൗൺഷിപ്പ് എന്ന ദീർഘകാല ആവശ്യവും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4

വിതരണം ചെയ്ത 683 പട്ടയങ്ങളിൽ 645 എണ്ണം 1993ലെ ഭൂമി പതിവ് ചട്ടപ്രകാരമുള്ളതും 15 എണ്ണം വനാവകാശ രേഖകളുമാണ്. ഏഴ് മിച്ചഭൂമി പട്ടയങ്ങളും എട്ട് വീതം എൽ.ടി. ക്രയ സർട്ടിഫിക്കറ്റുകളും ഹൈറേഞ്ച് കോളനൈസേഷൻ സ്കീം പ്രകാരമുള്ള പട്ടയങ്ങളും വിതരണം ചെയ്തു.