മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് ഇടുക്കിയിൽ; ഭൂ പ്രശ്നങ്ങൾ ചർച്ച ചെയ്യും. കട്ടപ്പനയിൽ ഉച്ചകഴിഞ്ഞു ഗതാഗത നിയന്ത്രണം
ഇടുക്കി: ഭൂപ്രശ്നങ്ങൾ, വന്യജീവി ആക്രമണം, ജില്ലയുടെ സമഗ്ര വികസനം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് ഇടുക്കിയിലെത്തും.
രാവിലെ കളക്ടറേറ്റിൽ യോഗം; വൈകിട്ട് കട്ടപ്പനയിൽ സംഘടനാ നേതാക്കളുടെ യോഗത്തിലും യു.ഡി.എഫ് പൊതുയോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കും.
രാവിലെ 10ന് ജില്ലാ കളക്ടറേറ്റിലെ കോൺഫറൻസ് ഹാളിലാണ് പ്രധാന യോഗം. മന്ത്രിമാരായ അനൂപ് ജേക്കബ്, ഷിബു ബേബി ജോൺ, സർക്കാർ ചീഫ് വിപ്പ് അപു ജോൺ ജോസഫ്, ഡീൻ കുര്യാക്കോസ് എം.പി., ജില്ലയിലെ എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ തുടങ്ങിയവർ പങ്കെടുക്കും. ഭൂപ്രശ്നങ്ങൾക്ക് പുറമെ വന്യജീവി ആക്രമണം ഉൾപ്പെടെയുള്ള ജില്ലയുടെ വിവിധ വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്യും.
വൈകിട്ട് മൂന്നിന് കട്ടപ്പന ഹിൽടൗൺ ഹോട്ടലിൽ വിവിധ സംഘടനാ നേതാക്കളുടെ യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. നാലിന് കട്ടപ്പന ടൗണിൽ നടക്കുന്ന യു.ഡി.എഫ് പൊതുയോഗത്തിലും അദ്ദേഹം സംസാരിക്കും.
കട്ടപ്പനയിൽ 2.30 മുതൽ ഗതാഗത നിയന്ത്രണം
മുഖ്യമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഇന്ന് ഉച്ചകഴിഞ്ഞ് 2.30 മുതൽ വൈകിട്ട് ആറുവരെ കട്ടപ്പന നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പൊതുയോഗത്തിനെത്തുന്ന വാഹനങ്ങൾ കട്ടപ്പന നഗരസഭാ കാര്യാലയത്തിന് മുന്നിലെ ഗ്രൗണ്ടിലോ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലോ പാർക്ക് ചെയ്യണം.
ഇടുക്കി–ഏലപ്പാറ റൂട്ടിലെ ചെറിയ വാഹനങ്ങൾ വെള്ളയാംകുടിയിൽ നിന്ന് തൊവരയാർ ബൈപ്പാസ് വഴി കക്കാട്ടുകടയിലെത്തണം. വലിയ വാഹനങ്ങൾ ഇടുക്കിക്കവലയിൽ നിന്ന് തിരിഞ്ഞ് ഏലപ്പാറ റൂട്ടിൽ പ്രവേശിക്കണം.
ഇടുക്കി ഭാഗത്തുനിന്ന് നെടുങ്കണ്ടം, ടൗൺ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കെ.എസ്.ആർ.ടി.സി ഡിപ്പോ ജംഗ്ഷൻ–വെട്ടിക്കുഴക്കവല–പേഴുംകവല–എസ്.എൻ. ജംഗ്ഷൻ–ഇടശ്ശേരി ജംഗ്ഷൻ വഴി പോകണം.
ഇരട്ടയാർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ പേഴുംകവല–എസ്.എൻ. ജംഗ്ഷൻ–ബൈപ്പാസ് വഴി ഇടശ്ശേരി ജംഗ്ഷനിലെത്തണം. പുളിയന്മലയിൽ നിന്ന് ഇടുക്കി ഭാഗത്തേക്കുള്ള വാഹനങ്ങൾ ഇടശ്ശേരി ജംഗ്ഷൻ–എസ്.എൻ. ജംഗ്ഷൻ–പേഴുംകവല–വെട്ടിക്കുഴക്കവല–കെ.എസ്.ആർ.ടി.സി ഡിപ്പോ–വെള്ളയാംകുടി വഴി പോകണം.
പുളിയന്മല–ഏലപ്പാറ റൂട്ടിൽ പാറക്കടവിൽ നിന്ന് പോപ്പുലർ ജംഗ്ഷൻ–സെന്റ് മാർത്താസ് ജംഗ്ഷൻ–പള്ളിക്കവല–സ്കൂൾ കവല വഴി ഏലപ്പാറ റൂട്ടിൽ പ്രവേശിക്കണം. ഏലപ്പാറയിൽ നിന്ന് ഇടുക്കി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കക്കാട്ടുകട–തൊവരയാർ–വെള്ളയാംകുടി ബൈപ്പാസ് വഴി പോകണം. ഏലപ്പാറയിൽ നിന്ന് കട്ടപ്പന ടൗൺ, നെടുങ്കണ്ടം ഭാഗത്തേക്കുള്ള വാഹനങ്ങൾ സ്കൂൾ കവല–പള്ളിക്കവല–സെന്റ് മാർത്താസ് ജംഗ്ഷൻ–പോപ്പുലർ ജംഗ്ഷൻ–പാറക്കടവ് വഴി പോകണം.


