ഇടുക്കിയിലെ ഭൂവിഷയങ്ങൾക്ക് ശാശ്വത പരിഹാരം; രണ്ട് കോടതി സ്റ്റേകൾ നീക്കാൻ നടപടികൾ ഉടൻ: മുഖ്യമന്ത്രി
ഇടുക്കിയിലെ ഭൂവിഷയങ്ങളിൽ സർക്കാർ നടത്തിയ ചർച്ചകളിൽ 60 ശതമാനം കാര്യങ്ങളിലും തീരുമാനമായെന്നും ശേഷിക്കുന്ന വിഷയങ്ങളിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ നിശ്ചയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. നേരത്തെ നൽകിയ ഉറപ്പുകൾ പാലിക്കുന്നതിന്റെ ഭാഗമായാണ് ഇടുക്കിയിലെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
റവന്യൂ, വനം വകുപ്പുകൾ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്ത് മൂന്ന് മണിക്കൂറോളം നടത്തിയ ചർച്ചയിലാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്. ഇടുക്കിയിലെ പ്രധാനപ്പെട്ട രണ്ട് കോടതി സ്റ്റേകൾ നീക്കുന്നതിനുള്ള നിയമനടപടികൾ ഉടൻ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
1964ലെ ചട്ടപ്രകാരം പട്ടയം ലഭിച്ച ഭൂമിയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഹൈക്കോടതി ഏർപ്പെടുത്തിയ സ്റ്റേയും സി.എച്ച്.ആർ ഭൂമിയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സുപ്രീം കോടതി ഏർപ്പെടുത്തിയ സ്റ്റേയും നീക്കുന്നതിനാണ് നടപടികൾ സ്വീകരിക്കുക. അഡ്വക്കേറ്റ് ജനറൽ ഉൾപ്പെടെയുള്ളവരെ വിഷയത്തിൽ വിശദമായി ബ്രീഫ് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
റവന്യൂ–വനം വകുപ്പുകൾക്ക് ഇനി ഒരേ നിലപാട്
റവന്യൂ വകുപ്പിനും വനം വകുപ്പിനും വ്യത്യസ്ത നിലപാടുകൾ ഇനി കോടതിയിൽ അവതരിപ്പിക്കില്ലെന്നും സർക്കാരിന് ഇക്കാര്യത്തിൽ ഏക നിലപാടായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നേര്യമംഗലം മേഖലയിലെ റോഡ് നിർമാണവുമായി ബന്ധപ്പെട്ട തർക്കത്തിൽ റവന്യൂ ഭൂമിയാണെന്ന നിലപാട് സർക്കാർ കോടതിയെ അറിയിച്ചതും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ആയിരക്കണക്കിന് പേർക്ക് ഉടൻ പട്ടയം
10 ജെ, 7 ജെ വിഷയങ്ങളിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി പട്ടയം വിതരണം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. മൂന്ന് ചെയിൻ മേഖലയിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചശേഷം പട്ടയം നൽകുന്നതിനുള്ള ഉത്തരവുകൾ പുറപ്പെടുവിക്കും.
വിവിധ വില്ലേജുകളിലെ ഭൂവിഷയങ്ങളുടെ വിശദമായ ഡാറ്റ തയ്യാറാക്കി ഓരോ പ്രശ്നവും പ്രത്യേകം പരിഹരിക്കും. നിയമപ്രശ്നങ്ങളില്ലാത്ത ഏകദേശം 5,000 പേർക്ക് ആദ്യഘട്ടത്തിൽ തന്നെ പട്ടയം നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ.എസ്.ഇ.ബിയുമായി തർക്കമുള്ള സ്ഥലങ്ങളിൽ ആവശ്യമായിടത്ത് കെ.എസ്.ഇ.ബിയുടെ തന്നെ മറ്റ് ഭൂമിയിൽ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. വനം–റവന്യൂ തർക്കമുള്ള സ്ഥലങ്ങളിൽ സംയുക്ത പരിശോധന നടത്തി ഒരു മാസത്തിനകം തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജണ്ടയ്ക്ക് പുറത്തുള്ള ഭൂമിയിൽ നടപടി
റിസർവ് ഫോറസ്റ്റ് നോട്ടിഫിക്കേഷനിൽ ജനവാസ മേഖലകൾ ഉൾപ്പെട്ട വിഷയത്തിലും സർക്കാർ നിലപാട് വ്യക്തമാക്കി. ജണ്ടയ്ക്ക് പുറത്തുള്ള ഭൂമി റവന്യൂ ഭൂമിയായി കണക്കാക്കി ആവശ്യമായ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.
ഏലം എന്ന് തെറ്റായി രേഖപ്പെടുത്തിയ ഭൂമികളുടെ പ്രശ്നം പരിഹരിക്കാൻ 1993ലെ ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ കൊണ്ടുവരും. പാറയാണെന്ന് രേഖപ്പെടുത്തിയതിനെ തുടർന്ന് മുടങ്ങിക്കിടക്കുന്ന സ്ഥലങ്ങളിൽ പട്ടയം നൽകാനും തീരുമാനിച്ചിട്ടുണ്ട്. ടീക്ക് പ്ലാന്റേഷൻ എന്ന് രേഖപ്പെടുത്തിയ ഭൂമികളുടെ കാര്യത്തിൽ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടുക്കിയിലെ റവന്യൂ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നിയമത്തിലും ചട്ടങ്ങളിലും ആവശ്യമായ ഭേദഗതികൾ വരുത്താൻ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി അടുത്ത നിയമസഭാ സമ്മേളനത്തിൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുത്തകപ്പാട്ടം ഫീസ്; 2000 ഇരട്ടി വർധനയില്ല
കുത്തകപ്പാട്ടം പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഫീസ് വർധന ഉണ്ടാകുമെങ്കിലും 2000 ഇരട്ടി വർധനയുണ്ടാകുമെന്ന പ്രചാരണം ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ന്യായമായ രീതിയിലുള്ള വർധന മാത്രമായിരിക്കും ഉണ്ടാകുകയെന്നും അദ്ദേഹം വ്യക്തമാക്കി.
കയ്യേറ്റക്കാരെയും കുടിയേറ്റക്കാരെയും വേർതിരിക്കും
ഇടുക്കിയിലെ കയ്യേറ്റക്കാരെ കയ്യേറ്റക്കാരായും കുടിയേറ്റക്കാരെയും കർഷകരെയും അവരുടെ വിഭാഗത്തിൽ തന്നെയും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മനുഷ്യ–വന്യജീവി സംഘർഷം രൂക്ഷമായ ചിന്നക്കനാൽ ഉൾപ്പെടെയുള്ള മേഖലകളിൽ വനം വകുപ്പ് പ്രത്യേക ശ്രദ്ധ ചെലുത്തും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സംഘർഷം കുറയ്ക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇടുക്കിയിലെ ഭൂമി സംബന്ധമായ പ്രശ്നങ്ങളിൽ ഏകദേശം 95 ശതമാനം കാര്യങ്ങൾക്കും ശാശ്വത പരിഹാരം ഉണ്ടാക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും സർക്കാർ ആവശ്യമായ ഗൃഹപാഠം നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


