ഗുരുനിന്ദയ്ക്കെതിരെ എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രതിഷേധം
നെടുങ്കണ്ടത്തും ചെറുതോണിയിലും പന്തംകൊളുത്തി പ്രകടനം
നെടുങ്കണ്ടം: ശ്രീനാരായണ ഗുരുദേവനെതിരായ അധിക്ഷേപ പരാമർശങ്ങളിൽ പ്രതിഷേധിച്ച് എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയന്റെ നേതൃത്വത്തിൽ വമ്പിച്ച പ്രതിഷേധവും പന്തംകൊളുത്തി പ്രകടനവും നടത്തി. നവമാധ്യമങ്ങളിലൂടെ ഗുരുദേവനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
പരാതികൾ നൽകിയിട്ടും നടപടി വൈകുന്നതിൽ പ്രതിഷേധിച്ച പ്രവർത്തകർ, വിഷയത്തിൽ നിയമാനുസൃതമായ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. “ജാതിഭേദമില്ലാതെ, മതദ്വേഷമില്ലാതെ, സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ ലോകം” എന്ന ശ്രീനാരായണ ഗുരുദേവന്റെ ദർശനം ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം.
യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് പ്രതിഷേധത്തിന് നേതൃത്വം നൽകി. സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ, ഡയറക്ടർ ബോർഡ് അംഗം കെ.എൻ. തങ്കപ്പൻ, യൂണിയൻ കൗൺസിൽ അംഗങ്ങൾ, വനിതാസംഘം, യൂത്ത് മൂവ്മെന്റ്, സൈബർസേന ഭാരവാഹികൾ, വിവിധ ശാഖാ ഭാരവാഹികൾ, നൂറുകണക്കിന് ഗുരുദേവഭക്തർ എന്നിവർ പങ്കെടുത്തു.
ചെറുതോണി: ശ്രീനാരായണ ഗുരുദേവനെതിരായ അധിക്ഷേപ പരാമർശങ്ങളിൽ പ്രതിഷേധിച്ച് എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയന്റെ നേതൃത്വത്തിൽ ചെറുതോണി ടൗണിലും പ്രതിഷേധ പ്രകടനം നടത്തി. ഗുരുദേവനെയും എസ്.എൻ.ഡി.പി യോഗത്തെയും അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയ വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ജാതിമത ചിന്തകൾക്കതീതമായി മനുഷ്യസഹോദരത്വവും ലോകനന്മയും ഉയർത്തിപ്പിടിച്ച ഗുരുദേവന്റെ ആശയങ്ങളെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് നേതാക്കൾ പറഞ്ഞു.
ഇടുക്കി യൂണിയൻ പ്രസിഡന്റ് പി. രാജൻ, സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്, കൗൺസിലർമാരായ മനേഷ് കുടിക്കയത്ത്, കെ.എസ്. ജിസ്, ജോബി കണിയാംകുടിയിൽ, സൈബർസേന കേന്ദ്രസമിതി വൈസ് ചെയർമാൻ ബിനീഷ് കോട്ടൂർ, യൂത്ത് മൂവ്മെന്റ് സെക്രട്ടറി ബിബിൻ കുന്നിനിയിൽ, വൈസ് പ്രസിഡന്റ് അഖിൽ സാബു, വനിതാസംഘം പ്രസിഡന്റ് ഡോ. ഷീല, സെക്രട്ടറി ഷീല രാജീവ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.


