കളഞ്ഞുപോയ പണവും സ്വർണവുമടങ്ങിയ പേഴ്സ് കണ്ടെത്തി നൽകി പൊലീസ്
വണ്ടിപ്പെരിയാർ: വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ നഷ്ടപ്പെട്ട പണവും സ്വർണവുമടങ്ങിയ പേഴ്സ് കണ്ടെത്തി ഉടമയ്ക്ക് കൈമാറി പൊലീസ്. വള്ളക്കടവ് കിഴക്കേ തോട്ടുങ്കൽ സെലീനാമ്മയുടെ പേഴ്സാണ് വണ്ടിപ്പെരിയാർ ടൗണിൽ നഷ്ടപ്പെട്ടത്.
പേഴ്സിൽ 6,000 രൂപയും രണ്ട് ഗ്രാം സ്വർണവും ഉണ്ടായിരുന്നു. പേഴ്സ് എങ്ങനെയാണ് നഷ്ടപ്പെട്ടതെന്ന് സെലീനാമ്മയ്ക്ക് ഓർത്തെടുക്കാനായില്ല. തുടർന്ന് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.
വണ്ടിപ്പെരിയാർ എസ്.ഐ അക്ബർ സാദത്തിന്റെ നിർദേശപ്രകാരം എ.എസ്.ഐ സതീഷ് ചന്ദ്രൻ, സീനിയർ സി.പി.ഒ ഷംനാസ്, സി.പി.ഒമാരായ വിഷ്ണു, കെ.പി. പ്രവീൺ എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പേഴ്സ് കണ്ടെത്തിയത്. തുടർന്ന് പണവും സ്വർണവും ഉൾപ്പെടെയുള്ള സാധനങ്ങൾ ഉടമയ്ക്ക് കൈമാറി.


