കാഞ്ഞിരപ്പള്ളിയിൽ ജില്ലാ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് തുടക്കമായി
ജൂനിയറിൽ അൽഫോൻസയും സീനിയറിൽ അസംപ്ഷൻ കോളജും മുന്നിൽ
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ നടക്കുന്ന ജില്ലാ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് ആവേശകരമായ തുടക്കം. ജൂനിയർ വിഭാഗത്തിൽ പാലാ അൽഫോൻസാ അത്ലറ്റിക് അക്കാദമിയും സീനിയർ വിഭാഗത്തിൽ ചങ്ങനാശേരി അസംപ്ഷൻ കോളജുമാണ് പോയിന്റ് പട്ടികയിൽ മുന്നിൽ.
ജൂനിയർ വിഭാഗത്തിൽ 156 പോയിന്റുമായി അൽഫോൻസാ അത്ലറ്റിക് അക്കാദമി ഒന്നാം സ്ഥാനത്താണ്. ചങ്ങനാശേരി അസംപ്ഷൻ കോളജ് രണ്ടാം സ്ഥാനത്തും ഭരണങ്ങാനം എസ്.എച്ച്.ജി.എസ് മൂന്നാം സ്ഥാനത്തുമുണ്ട്.
സീനിയർ വിഭാഗത്തിൽ 101 പോയിന്റുമായി അസംപ്ഷൻ കോളജ് ഒന്നാമതും 71 പോയിന്റുമായി ചങ്ങനാശേരി എസ്.ബി. കോളജ് രണ്ടാമതുമാണ്. 58 പോയിന്റുമായി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് മൂന്നാം സ്ഥാനത്തുണ്ട്.
പ്രഫ. റോണി കെ. ബേബി എം.എൽ.എ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ലാ അത്ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് ഫാ. മാത്യു കരീത്തറ സി.എം.ഐ അധ്യക്ഷത വഹിച്ചു. സെന്റ് ഡൊമിനിക്സ് കോളജ് മാനേജർ ഫാ. കുര്യൻ താമരശേരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോണിക്കുട്ടി മടത്തിനകം, പാറത്തോട് പഞ്ചായത്ത് അംഗം വി.എം. ഷാജഹാൻ, ഡോ. പ്രവീൺ തര്യൻ എന്നിവർ സംസാരിച്ചു.
മികച്ച അധ്യാപകർക്കുള്ള പുരസ്കാരം നേടിയ ഡോ. ജിമ്മി ജോസഫ്, വി.പി. സജിമോൻ, ഡോ. പ്രവീൺ തര്യൻ, കെ.പി. സതീഷ് കുമാർ, ജൂലിയസ് ജെ. മനയാനിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.


