മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ അഞ്ചുവയസുകാരിക്ക് തെരുവുനായയുടെ കടിയേറ്റു
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ ചികിത്സയ്ക്കായെത്തിയ അഞ്ചുവയസുകാരിക്ക് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. ഏറ്റുമാനൂർ പട്ടിത്താനം സ്വദേശി വിന്നുവിന്റെ മകൾക്കാണ് നായയുടെ കടിയേറ്റത്.
സെപ്റ്റംബർ 24ന് രാവിലെ 9.30ഓടെ ആശുപത്രിയിലെ പൊടിപാറ ബിൽഡിംഗിന് സമീപത്തായിരുന്നു സംഭവം. കാലിലെ നീർക്കെട്ടിന് ഓർത്തോ വിഭാഗത്തിൽ ചികിത്സ തേടിയെത്തിയതായിരുന്നു വിന്നുവും മക്കളും.
ഒപി തിരക്ക് കുറഞ്ഞ ശേഷം ഡോക്ടറെ കാണാമെന്ന് കരുതി പൊടിപാറ ബിൽഡിംഗിന് സമീപത്തെ മരച്ചുവട്ടിലെ തറയിൽ കുട്ടിയെ ഇരുത്തിയിരിക്കുകയായിരുന്നു. കൈക്കുഞ്ഞുമായി വിന്നു സമീപത്ത് നിൽക്കുന്നതിനിടെയാണ് തെരുവുനായ കുട്ടിയെ ആക്രമിച്ചത്. നായ കുട്ടിയുടെ കഴുത്തിൽ കടിക്കുകയും മുഖത്ത് മാന്തുകയും ചെയ്തു.
ആക്രമണത്തിന് പിന്നാലെ കുട്ടിയെ മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിലെ പീഡിയാട്രിക് സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആദ്യഘട്ട പ്രതിരോധ കുത്തിവയ്പുകൾ നൽകി. കുട്ടിയുടെ നില നിലവിൽ തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ആവശ്യമെങ്കിൽ മുറിവുകൾക്ക് തുന്നലിടേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കി.


