സ്വച്ഛതാ ഹി സേവ: കട്ടപ്പന നഗരസഭയുടെ ‘കൈയോട് കൈ’ ക്യാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു
കട്ടപ്പന നഗരസഭയുടെ സ്വച്ഛതാ ഹി സേവ 2026 പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ശുചിത്വ മിഷൻ റീബ്രാൻഡ് ചെയ്ത ‘കൈയോട് കൈ’ ക്യാമ്പയിന്റെ നഗരസഭാ ലോഗോ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്തു.
2017 മുതൽ രാജ്യത്ത് സ്വച്ഛ ഭാരത് മിഷന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ ‘സ്വച്ഛതാ ഹി സേവ’യുടെ ഭാഗമായി വിവിധ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുവരുന്നു. ഇതിന്റെ ഭാഗമായി കട്ടപ്പന നഗരസഭയിലും പ്രത്യേക ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.
മാലിന്യരഹിത നവകേരളത്തിനായി ‘കൈയോട് കൈ’ ക്യാമ്പയിൻ പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾ, സന്നദ്ധ സംഘടനകൾ, വിദ്യാർത്ഥികൾ, വ്യാപാരികൾ, യുവാക്കൾ എന്നിവർ സജീവമായി അണിചേരണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
ലോഗോ പ്രകാശന ചടങ്ങിൽ നഗരസഭാ ചെയർമാൻ ജോയ് വെട്ടിക്കുഴി അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി., റോയി കെ. പൗലോസ് എം.എൽ.എ. എന്നിവർ പങ്കെടുത്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ തോമസ് മൈക്കിൾ, സിബി പാറപ്പായി, ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി പി. ജോൺ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ അനുപ്രിയ കെ.എസ്., രജിത ഐ., നഗരസഭ ജീവനക്കാർ, ക്രൈസ്റ്റ് കോളേജ് എം.എസ്.ഡബ്ല്യു വിദ്യാർത്ഥികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.


