650 കിലോയിലധികം ഒട്ടുപാൽ മോഷ്ടിച്ചു; മൂന്ന് പേർ അറസ്റ്റിൽ

650 കിലോയിലധികം ഒട്ടുപാൽ മോഷ്ടിച്ചു; മൂന്ന് പേർ അറസ്റ്റിൽ

പാലാ: പയപ്പാറിൽ 650 കിലോയിലധികം ഒട്ടുപാൽ മോഷ്ടിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ഈരാറ്റുപേട്ട സ്വദേശികളായ മനാഫ് (37), സിറാജ് എം.എം. (36), ജിറ്റോ ജെയിംസ് (31) എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്.

പാലാ–രാമപുരം റോഡിൽ പയപ്പാറിൽ ക്ഷേത്രത്തിന് എതിർവശത്തെ റബർ തോട്ടത്തിൽ നിന്നാണ് രണ്ടുതവണയായി ഒട്ടുപാൽ മോഷണം പോയത്. തോട്ടം പാട്ടത്തിനെടുത്ത പൂവരണി ഓടയ്ക്കൽ ഷിബുവിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

Slide 1
Slide 2
Slide 3
Slide 4

ഒരു മാസം മുമ്പ് ആദ്യമായി ഒട്ടുപാൽ മോഷണം പോയതിനെ തുടർന്ന് തോട്ടത്തിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ദിവസം തോട്ടത്തിലെ ചെറിയ കെട്ടിടത്തിൽ ശേഖരിച്ചുവച്ചിരുന്ന ഒട്ടുപാൽ വീണ്ടും മോഷണം പോയി. സിസിടിവിയിൽ സംശയാസ്പദമായ നീക്കം പതിഞ്ഞതോടെ അലാറം മുഴങ്ങുകയും ഷിബു പരിശോധന നടത്തുകയും ചെയ്തു. മോഷ്ടാക്കൾ ഒട്ടുപാൽ കടത്തിക്കൊണ്ടുപോകുന്നതും അദ്ദേഹം കണ്ടു.

തുടർന്ന് പൊലീസ് സംഭവസ്ഥലത്തെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിച്ചു. പ്രതികൾ ഓട്ടോറിക്ഷയിൽ തോട്ടത്തിന് സമീപം എത്തുന്നതും തോട്ടത്തിനുള്ളിലേക്ക് പ്രവേശിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. വാഹനവും പ്രതികളുടെ നീക്കങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെയും പിടികൂടിയത്.

നിരവധി കേസുകളിൽ പ്രതികളായ ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4