ഇടുക്കി ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പുതിയ ഹയർ സെക്കൻഡറി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
ഇടുക്കി: ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന ഇടുക്കി ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ പുതിയ ഹയർ സെക്കൻഡറി ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി കെ.എ. തുളസി ഓൺലൈനായി നിർവഹിച്ചു. സ്കൂൾ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ റോയ് കെ. പൗലോസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കെട്ടിടത്തിന്റെ ശിലാഫലക അനാവരണവും അദ്ദേഹം നിർവഹിച്ചു.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോൾ ജിന്നി, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, ഗ്രാമപഞ്ചായത്തംഗം അമ്മിണി ജോസ്, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ പി.കെ. ധന്യ, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ ജി. അനിൽകുമാർ, സംസ്ഥാന പട്ടികവർഗ ഉപദേശക സമിതി അംഗങ്ങളായ സി.പി. കൃഷ്ണൻ, സി.ആർ. ദിലീപ് കുമാർ, പ്രിൻസിപ്പൽ ജെ. മധുസൂദനൻ, സീനിയർ സൂപ്രണ്ട് എം.ജി. ഷിബു എന്നിവർ പങ്കെടുത്തു.
23.25 കോടി രൂപ ചെലവിലാണ് മൂന്ന് നില കെട്ടിടം നിർമിച്ചത്. കെട്ടിടത്തിന്റെ പൂർത്തീകരണ പ്രവർത്തനങ്ങൾക്കായി പിന്നീട് 15.43 ലക്ഷം രൂപ അധികമായി അനുവദിച്ചു.
നിലവിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹ്യൂമാനിറ്റീസ് ഗ്രൂപ്പ് മാത്രമാണ് പ്രവർത്തിക്കുന്നത്. പുതിയ പ്ലസ് ടു ബ്ലോക്കിൽ സയൻസ്, കൊമേഴ്സ് വിഭാഗങ്ങൾ കൂടി ആരംഭിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതോടെ 300 വിദ്യാർഥികൾക്ക് ഹയർ സെക്കൻഡറി വിദ്യാഭ്യാസം ലഭ്യമാക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.


