ശബരിമല തീർഥാടനം: ഇടുക്കിയിൽ മുന്നൊരുക്കങ്ങൾ വിലയിരുത്തി
ഇടുക്കി: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിലെ മുന്നൊരുക്കങ്ങൾ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് എല്ലാ വകുപ്പുകളുടെയും പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു.
പുല്ലുമേട്, ഉപ്പുപാറ, വള്ളക്കടവ്, കുമളി, സത്രം, പരുന്തുംപാറ, പാഞ്ചാലിമേട്, മുക്കുഴി തുടങ്ങിയ പ്രധാന ഇടത്താവളങ്ങളിലും കാനനപാതകളിലും കുടിവെള്ളം, വെളിച്ചം, ആരോഗ്യ സേവനം, റോഡ് സുരക്ഷ, ഗതാഗത ക്രമീകരണങ്ങൾ എന്നിവ ഉറപ്പാക്കും.
തീർഥാടന പാതകളുടെ അറ്റകുറ്റപ്പണികളും കാടുവെട്ടിത്തെളിക്കലും അടിയന്തരമായി പൂർത്തിയാക്കും. വിവിധ ഭാഷകളിലുള്ള ദിശാസൂചനാ ബോർഡുകൾ, റിഫ്ലക്ടറുകൾ, ബാരിക്കേഡുകൾ എന്നിവ സ്ഥാപിക്കും. കുമളിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ നടത്താനും തീരുമാനിച്ചു.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കും. കുടിവെള്ളം, ശുചിത്വം, മാലിന്യസംസ്കരണം എന്നിവയ്ക്കും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ഭക്ഷ്യവസ്തുക്കളുടെ വിലയും ഗുണനിലവാരവും പരിശോധിക്കാൻ പ്രത്യേക സ്ക്വാഡ് രൂപീകരിക്കും. ഒരു ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികളിലെ പാനീയങ്ങൾക്കും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനും നിരോധനം ഏർപ്പെടുത്തും.
യോഗത്തിൽ എ.ഡി.എം മിനി കെ. ജോൺ, ജില്ലാ പോലീസ് മേധാവി ഡോ. എ. നാസിം, ആർ.ഡി.ഒ എസ്. ശ്രീജിത്ത്, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.


