ഈട്ടിത്തോപ്പിലെ ഹോമിയോ ആശുപത്രി ഇരട്ടയാറ്റിലേക്ക് മാറ്റിയത് പ്രതിഷേധാർഹം: ബിജെപി
ഇരട്ടയാർ: മറ്റ് ചികിത്സാ സൗകര്യങ്ങൾ കാര്യമായി ലഭ്യമല്ലാത്ത ഈട്ടിത്തോപ്പിൽ കഴിഞ്ഞ 43 വർഷമായി പ്രവർത്തിച്ചുവരുന്ന ഗവൺമെന്റ് ഹോമിയോ ആശുപത്രി ഇരട്ടയാറിലേക്ക് മാറ്റിയ പഞ്ചായത്ത് ഭരണസമിതിയുടെ നീക്കം ഉപേക്ഷിക്കണമെന്നും, ആശുപത്രി തിരികെ ഈട്ടിത്തോപ്പിൽ എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല ആവശ്യപ്പെട്ടു.
ഈട്ടിത്തോപ്പിലെ പ്രധാന ആശ്രയമായിരുന്ന ഹോമിയോ ആശുപത്രി മാറ്റാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം ഇവിടുത്തെ സാധാരണക്കാരായ കർഷകരോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളുടെ പേരിൽ ഈട്ടിത്തോപ്പിലെ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെ പിടിവാശി ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്നും രതീഷ് വരകുമല ആരോപിച്ചു.
ആരോഗ്യസേവനവുമായി ബന്ധപ്പെട്ട് വർഷങ്ങളായി പ്രദേശവാസികൾ ആശ്രയിച്ചുവരുന്ന സ്ഥാപനമാണ് ഈട്ടിത്തോപ്പിലെ ഹോമിയോ ആശുപത്രിയെന്നും, അത് മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത് സാധാരണ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹോമിയോ ആശുപത്രി ഈട്ടിത്തോപ്പിൽ തന്നെ നിലനിർത്തണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന പൗരസമിതിക്ക് ബിജെപിയുടെ പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും രതീഷ് വരകുമല അറിയിച്ചു.
ആശുപത്രി മാറ്റാനുള്ള തീരുമാനത്തിൽ നിന്ന് പഞ്ചായത്ത് ഭരണസമിതി പിന്മാറണമെന്നും, വിഷയത്തിൽ ജനങ്ങളുടെ ആശങ്ക പരിഗണിച്ച് അടിയന്തരമായി പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


