കുമരകം ഗ്രാമപഞ്ചായത്തിന്റെ ആദ്യ വനിതാ പ്രസിഡണ്ട് എ.ജി. ഉഷാകുമാരി അന്തരിച്ചു
കുമരകം: കുമരകം ഗ്രാമപഞ്ചായത്തിന്റെ ആദ്യ പ്രസിഡണ്ടും സിപിഐ അംഗവുമായിരുന്ന നടപ്പുര നികർത്തിൽ എ.ജി. ഉഷാകുമാരി (64) അന്തരിച്ചു.
2000ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇരു മുന്നണികൾക്കും ഏഴ് വീതം അംഗങ്ങളെന്ന നിലയിൽ തുല്യശക്തി നിലനിന്നതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് എ.ജി. ഉഷാകുമാരി പ്രസിഡണ്ടായത്. ഇതോടെ അഞ്ചുവർഷക്കാലം കുമരകം പഞ്ചായത്തിന്റെ ആദ്യ വനിതാ പ്രസിഡണ്ടായി അവർ ഇടതുപക്ഷ ഭരണത്തിന് നേതൃത്വം നൽകി.
2000–2005 കാലയളവിൽ കുമരകത്തിന്റെ ടൂറിസം വികസനത്തിന് തുടക്കം കുറിക്കുന്നതിൽ ഉഷാകുമാരിയുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി നിർണായക പങ്കുവഹിച്ചു. വാജ്പേയിയുടെ കുമരകം സന്ദർശനവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് മുന്നോട്ടുവച്ച ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി ഗ്രാമീണ റോഡുകൾ നവീകരിക്കുകയും അന്താരാഷ്ട്ര നിലവാരത്തിലുള്ള നക്ഷത്ര ഹോട്ടൽ സംരംഭകർ കുമരകത്തേക്ക് എത്തുകയും ചെയ്തു.
കുമരകം ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനങ്ങളിലും അവർ സജീവമായി ഇടപെട്ടു. ദുരന്തത്തിൽപ്പെട്ടവരുടെ കായലിൽ നഷ്ടപ്പെട്ട വസ്തുവകകൾ കണ്ടെത്തി ഉടമകൾക്ക് തിരികെ നൽകുന്നതിനും സുരക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നേതൃത്വം നൽകി. കുമരകം ചന്ത കവലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി റോഡ് വികസനം നടപ്പാക്കിയതും ഈ കാലയളവിലാണ്.
കുമരകം ഏലച്ചിറ കുടുംബാംഗമാണ്.
ഭർത്താവ്: നടപ്പുര നികർത്തിൽ രജി മോൻ.
മക്കൾ: രേഷ്മ, ജിഷ്ണു (സൗദി).
മരുമകൻ: അരുൺ (ചേർത്തല).
സംസ്കാരം: തിങ്കളാഴ്ച (28-09-2026) വൈകിട്ട് 3ന് ഭർതൃസഹോദരൻ പരേതനായ എൻ.എൻ. പൊന്നപ്പന്റെ നികർത്തിൽ (ചേലക്കാപ്പള്ളി ഭാഗം) വസതിയിൽ ആരംഭിക്കും.


