ആരോഗ്യമുള്ള പുതുതലമുറയ്ക്ക് കായിക വിദ്യാഭ്യാസം അനിവാര്യം: റോയി കെ. പൗലോസ് എം.എൽ.എ
മരിയാപുരം: ആരോഗ്യകരമായ പുതുതലമുറയുടെ വളർച്ചയ്ക്കും വ്യക്തിത്വ വികസനത്തിനും കായിക വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് റോയി കെ. പൗലോസ് എം.എൽ.എ പറഞ്ഞു. മാറിവരുന്ന ഭക്ഷണരീതിയും ജീവിതശൈലിയും ആരോഗ്യത്തിന് ഏറെ അനുയോജ്യമല്ലാത്ത സാഹചര്യത്തിൽ കുട്ടികൾക്ക് കായിക പരിശീലനം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
മരിയാപുരം ഗ്രാമപഞ്ചായത്ത് 2025–26 വർഷം പ്രൈമറി ക്ലാസ് കുട്ടികൾക്കായി നടത്തിയ കായിക പരിശീലനത്തിന്റെ അവാർഡ് വിതരണവും 2026–27 വർഷത്തെ പരിശീലന പരിപാടിയുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു എം.എൽ.എ.
മലയോര മേഖലയിലെ പ്രത്യേക സാഹചര്യങ്ങൾ കായിക വിദ്യാഭ്യാസത്തിന് നിരവധി പരിമിതികൾ സൃഷ്ടിക്കുന്നുണ്ടെന്നും അവ പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി സാംസ്കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിപ്സി ജിമ്മി അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോളി ജോയി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീലാൽ ടി.എസ്., വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി ജോണി, വാർഡ് മെമ്പർമാർ, പഞ്ചായത്ത് സെക്രട്ടറി സന്ദീപ് സുകുമാരൻ, നിർവഹണ ഉദ്യോഗസ്ഥൻ സിബി കുരുവിള എന്നിവർ സംസാരിച്ചു.


