ബീറ്റ് ഫോറസ്റ്റ് ഓഫീസർ കായിക പരീക്ഷയിൽ ശാന്തിഗ്രാം കോച്ചിംഗ് സെന്ററിന് നൂറുമേനി വിജയം
ഇരട്ടയാർ: കാൽവരിമൗണ്ട് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്കുള്ള പി.എസ്.സി കായിക പരീക്ഷയിൽ ശാന്തിഗ്രാം കോച്ചിംഗ് സെന്ററിൽ നിന്ന് പങ്കെടുത്ത മുഴുവൻ ഉദ്യോഗാർഥികളും വിജയിച്ചു. 27 വനിതകളും ആറ് പുരുഷന്മാരുമടക്കം 33 പേരാണ് പരിശീലന കേന്ദ്രത്തിൽ നിന്ന് പരീക്ഷയിൽ പങ്കെടുത്തത്.
ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികൾ ദീർഘദൂരം സഞ്ചരിച്ചാണ് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിലെത്തി പരിശീലനം നടത്തിയിരുന്നത്. സംസ്ഥാന അധ്യാപക അവാർഡ് ജേതാവും വിരമിച്ച കായികാധ്യാപകനുമായ ഡോമിനിക് സ്കറിയയുടെ നേതൃത്വത്തിലായിരുന്നു പരിശീലനം.
ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പരിധിയിലെ ഉദ്യോഗാർഥികൾക്ക് സൗജന്യ പരിശീലനം നൽകുന്ന പദ്ധതിയിൽ മറ്റ് പഞ്ചായത്തുകളിൽ നിന്നുള്ള ബി.പി.എൽ വിഭാഗക്കാർക്കും സൗജന്യ പരിശീലനം നൽകുന്നുണ്ട്. മറ്റ് ഉദ്യോഗാർഥികളിൽ നിന്ന് അഡ്മിഷൻ ഫീസ് മാത്രമാണ് ഈടാക്കുന്നത്.
പോലീസ്, എക്സൈസ് സേനകളിലേക്കുള്ള കായിക പരീക്ഷാ പരിശീലന പരിപാടി ഉടൻ ആരംഭിക്കുമെന്ന് ശാന്തിഗ്രാം സ്പോർട്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.


