ജില്ലാ സിവിൽ സർവീസ് കായികമേളയ്ക്ക് അറക്കുളം സെന്റ് ജോസഫ് കോളജ് ഗ്രൗണ്ടിൽ തുടക്കമായി
ഇടുക്കി: ജില്ലാ സിവിൽ സർവീസ് കായികമേളയ്ക്ക് അറക്കുളം സെന്റ് ജോസഫ് കോളജ് ഗ്രൗണ്ടിൽ തുടക്കമായി. ചടങ്ങിൽ റോയി കെ. പൗലോസ് എം.എൽ.എ മേള ഉദ്ഘാടനം ചെയ്തു. സിവിൽ സർവീസിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ജീവനക്കാരുടെ ആരോഗ്യവും കായികക്ഷമതയും മെച്ചപ്പെടുത്തുന്നതിനും ഇത്തരം കായികമേളകൾ സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മുഹമ്മദ് ഫൈസൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീലാ സ്റ്റീഫൻ, ജില്ലാ പഞ്ചായത്ത് അംഗം സജി പി. ജോസ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ. എൽ. ജോസഫ്, ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സൈജൻ സ്റ്റീഫൻ, ജില്ലാ യോഗ അസോസിയേഷൻ സെക്രട്ടറി വി. പി. സുരേഷ്, ദീപ്തി മരിയ ജോസഫ്, ബേബി വർഗീസ്, ഫാ. സ്റ്റാൻലി ചെള്ളിയിൽ, തോംസൺ ജോർജ്, ജോസഫ് ജോർജ് എന്നിവർ പ്രസംഗിച്ചു.
തൊടുപുഴ ന്യൂമാൻ കോളജ്, സെന്റ് സെബാസ്റ്റ്യൻ ഹൈസ്കൂൾ, മൂലമറ്റം എച്ച്.ആർ.സി ക്ലബ്, വണ്ടമറ്റം അക്വാറ്റിക് സെന്റർ, തൊടുപുഴ ഫോർകോർട്ട് ഇൻഡോർ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ഇന്ന് മേള സമാപിക്കും.വിവിധ സർക്കാർ ഓഫീസുകളിൽ നിന്നുള്ള മുന്നൂറോളം ജീവനക്കാർ 19 കായിക ഇനങ്ങളിലായി മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്.


