തദ്ദേശ ഉപതിരഞ്ഞെടുപ്പ്: തൃക്കൊടിത്താനത്ത് 53.55% പോളിങ്; പാമ്പാടിയിൽ 78.51%

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: തൃക്കൊടിത്താനത്ത് 53.55% പോളിങ്; പാമ്പാടിയിൽ 78.51%

കോട്ടയം: ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനിലേക്കും പാമ്പാടി, മീനടം പഞ്ചായത്തുകളിലെ ഓരോ വാർഡിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിൽ മികച്ച പോളിങ്. തൃക്കൊടിത്താനം ഡിവിഷനിൽ 53.55 ശതമാനം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു. മീനടം ഒന്നാം വാർഡായ ചീരംകുളത്ത് 69.74 ശതമാനവും പാമ്പാടി പത്താം വാർഡായ കുമ്പന്താനത്ത് 78.51 ശതമാനവും പോളിങ് രേഖപ്പെടുത്തി.

പായിപ്പാട് 11-ാം വാർഡിലെ മച്ചിപ്പള്ളി ബൂത്തിൽ രാവിലെ അരമണിക്കൂറോളം വോട്ടിങ് യന്ത്രം തകരാറിലായത് പോളിങ്ങിനെ ബാധിച്ചു.

Slide 1
Slide 2
Slide 3
Slide 4

ജില്ലാ പഞ്ചായത്തംഗമായിരുന്ന വിനു ജോബ് ചങ്ങനാശേരി എം.എൽ.എ ആയതിനെ തുടർന്നാണ് തൃക്കൊടിത്താനം ഡിവിഷനിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. എൽ.ഡി.എഫിനായി സി.പി.എമ്മിലെ മഞ്ജു സുജിത്ത്, യു.ഡി.എഫിനായി കേരള കോൺഗ്രസിലെ വിജയ് ജോസ് മാരേട്ട്, എൻ.ഡി.എയ്ക്കായി ബി.ജെ.പിയിലെ എ. മനോജ് എന്നിവർ മത്സരിച്ചു.

പാമ്പാടി കുമ്പന്താനം വാർഡിൽ കോൺഗ്രസിലെ ബാബു മാത്യു ഡാണാവുങ്കലിന്റെയും മീനടം ചീരംകുളം വാർഡിൽ കോൺഗ്രസിലെ പ്രസാദ് നാരായണന്റെയും നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

കുമ്പന്താനത്ത് സി.പി.എമ്മിലെ സണ്ണി വർഗീസ്, കോൺഗ്രസിലെ ഡെയ്‌സി ബാബു ഡാണാവുങ്കൽ, ബി.ജെ.പിയിലെ ടിന്റു മനോജ് എന്നിവരും ചീരംകുളത്ത് സി.പി.എമ്മിലെ ചന്ദ്രു നാരായണൻ, കോൺഗ്രസിലെ പ്രീത പ്രസാദ്, ബി.ജെ.പിയിലെ എം. ഗൗരീശങ്കർ എന്നിവരും മത്സരിച്ചു.

Slide 1
Slide 2
Slide 3
Slide 4

വോട്ടെണ്ണൽ ഇന്ന് രാവിലെ 10ന് ആരംഭിക്കും. ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷന്റെ വോട്ടെണ്ണൽ ചങ്ങനാശേരി എസ്.ബി. ഹയർ സെക്കൻഡറി സ്കൂളിലും ഗ്രാമപഞ്ചായത്ത് വാർഡുകളിലെ വോട്ടെണ്ണൽ വെള്ളൂർ ടെക്നിക്കൽ ഹൈസ്കൂളിലുമാണ് നടക്കുക.

Slide 1
Slide 2
Slide 3
Slide 4