‘ഓപ്പറേഷൻ തൂഫാൻ 2.0’ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് കോട്ടയം ജില്ലാ പഞ്ചായത്തിൽ തുടക്കമായി.
കോട്ടയം: ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ‘ഓപ്പറേഷൻ തൂഫാൻ 2.0’ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് കോട്ടയം ജില്ലാ പഞ്ചായത്തിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ പ്രസിഡന്റ് ജോഷി ഫിലിപ്പ് തൂഫാൻ പതാക ഉയർത്തി. തുടർന്ന് തൂഫാൻ വാരിയർ ബാഡ്ജ് വിതരണവും നടത്തി.
സബ് ഇൻസ്പെക്ടർ നവീൻ ജോർജ് ഡേവിഡ് തൂഫാൻ വാരിയർ ബാഡ്ജ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. ചടങ്ങിൽ പങ്കെടുത്തവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തൂഫാൻ വാരിയർമാരായി പ്രഖ്യാപിച്ചു.
വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഗ്രേസി കരിമ്പന്നൂർ, പി.കെ. വൈശാഖ്, എൻ. അജിത് മുതിരമല, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ എന്നിവർ പങ്കെടുത്തു.
ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ പ്രാഥമിക സാമൂഹിക ഇടപെടൽ കേന്ദ്രങ്ങളായി വാർഡ് തല ജനജാഗ്രതാ സമിതികളെ സജീവമാക്കും. ലഹരി ഭീഷണികളും പ്രാദേശിക പ്രശ്നങ്ങളും ചർച്ച ചെയ്യുന്നതിനും പ്രതിരോധ മാർഗങ്ങൾ രൂപീകരിക്കുന്നതിനുമായി പ്രത്യേക ‘തൂഫാൻ ഗ്രാമസഭകൾ’ സംഘടിപ്പിക്കും.
ലഹരി വിൽപ്പന സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് സുരക്ഷിതമായും രഹസ്യമായും കൈമാറുന്നതിനായി ടോൾ ഫ്രീ നമ്പറുകൾ, വാട്സ്ആപ്പ് ഹെൽപ്പ് ലൈനുകൾ, ക്യു.ആർ. കോഡുകൾ എന്നിവ വ്യാപകമാക്കും.
ജില്ലാ പൊലീസ് മേധാവിമാരുടെ കീഴിൽ വിദഗ്ധരെ ഉൾപ്പെടുത്തി ‘തൂഫാൻ കെയർ കമ്മിറ്റികൾ’ രൂപീകരിക്കും. ലഹരിയിൽനിന്ന് മോചിതരായവർ വീണ്ടും ലഹരിയിലേക്ക് മടങ്ങാതിരിക്കാൻ ആഫ്റ്റർ കെയർ സംവിധാനങ്ങളും ശക്തമാക്കും.
വിദ്യാലയങ്ങളിൽ ‘തൂഫാൻ’ ലഹരിവിരുദ്ധ ക്ലബ്ബുകൾ രൂപീകരിക്കുന്നതിനും നടപടി സ്വീകരിക്കും. പദ്ധതിയുടെ ഭാഗമായി 12 മാസത്തെ പ്രവർത്തന കലണ്ടറും തയ്യാറാക്കിയിട്ടുണ്ട്.


