ടെലിഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നു; ജാഗ്രതാ നിർദേശം
ദോഷകരമായ ലിങ്കുകളും ബോട്ടുകളും ഉപയോഗിച്ച് ടെലിഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നതായി പരാതി. ജില്ലയിൽ നിരവധി ഉപയോക്താക്കളുടെ അക്കൗണ്ടുകൾ ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെട്ടതായും, അവരുടെ അറിവോ സമ്മതമോ കൂടാതെ അശ്ലീലവും ആക്ഷേപകരവുമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതായും പരാതികൾ ലഭിച്ചിട്ടുണ്ട്.
അനാവശ്യ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിലൂടെയോ സംശയാസ്പദമായ ബോട്ടുകൾക്ക് അനുമതി നൽകുന്നതിലൂടെയോ അക്കൗണ്ടിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് സൈബർ സെൽ മുന്നറിയിപ്പ് നൽകി. ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകളിൽ നിന്ന് സമാനമായ ലിങ്കുകളും ബോട്ടുകളും അടങ്ങിയ സന്ദേശങ്ങൾ കോൺടാക്ടുകളിലേക്ക് സ്വയമേവ അയയ്ക്കപ്പെടുന്നതായും കണ്ടെത്തിയിട്ടുണ്ട്.
പ്രായമായ സ്ത്രീകൾ ഉൾപ്പെടെയുള്ള നിരവധി വനിതാ ഉപയോക്താക്കളും തട്ടിപ്പിന് ഇരയായതായി പരാതിയുണ്ട്. ഇത്തരം സംഭവങ്ങൾ സ്വകാര്യതയ്ക്കും വ്യക്തിമാന്യതയ്ക്കും ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
🔹 അനാവശ്യവും സംശയാസ്പദവുമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.
🔹 സംശയകരമായ ബോട്ടുകൾക്ക് അനുമതി നൽകരുത്.
🔹 സംശയാസ്പദമായ സന്ദേശങ്ങൾ ഫോർവേഡ് ചെയ്യരുത്.
🔹 ടെലിഗ്രാമിൽ Two-Step Verification ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ സജീവമാക്കുക.
🔹 താൻ അയച്ചിട്ടില്ലാത്ത സന്ദേശങ്ങൾ അക്കൗണ്ടിൽ നിന്ന് പോകുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ സൈബർ സെല്ലിനെ ബന്ധപ്പെടുക.
ഇടുക്കി ജില്ലയിൽ ഇത്തരം തട്ടിപ്പിന് ഇരയായാൽ ജില്ലാ സൈബർ സെല്ലിന്റെ 9497976003 എന്ന നമ്പറിൽ ബന്ധപ്പെടുക.


