വന്യജീവി ആക്രമണ സാധ്യത കണക്കിലെടുത്ത് വനമേഖലയോടു ചേർന്നുള്ള തോട്ടങ്ങളിൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെ മനുഷ്യസഞ്ചാരവും രാത്രികാല ജോലികളും നിയന്ത്രിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി
ഇടുക്കി: വന്യജീവി ആക്രമണ സാധ്യത കണക്കിലെടുത്ത് വനമേഖലയോടു ചേർന്നുള്ള തോട്ടങ്ങളിൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെ മനുഷ്യസഞ്ചാരവും രാത്രികാല ജോലികളും നിയന്ത്രിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനും ജില്ലാ കളക്ടറുമായ ഡോ. ദിനേശൻ ചെറുവാട്ടിന്റെ ഉത്തരവ്.
മൂന്നാർ, പീരുമേട്, ഉടുമ്പൻചോല താലൂക്കുകളിലെ പ്ലാന്റേഷൻ ഇൻസ്പെക്ടർമാർക്കാണ് തൊഴിലാളികളുടെയും തോട്ടം ഉടമകളുടെയും രാത്രി സഞ്ചാരവും ജോലികളും നിർത്തിവയ്ക്കുന്നതിനുള്ള നിർദേശം നൽകിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് ഉത്തരവ് പുറത്തിറങ്ങിയത്.
ജില്ലയുടെ പ്രത്യേക ഭൂമിശാസ്ത്രവും വനവിസ്തൃതിയും കണക്കിലെടുക്കുമ്പോൾ നിയന്ത്രണം വ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. പെരിയാർ കടുവാ സങ്കേതം, ഇടുക്കി, മതികെട്ടാൻ വനമേഖലകൾ, ഇരവികുളം, പാമ്പാടുംചോല ദേശീയോദ്യാനങ്ങൾ എന്നിവയ്ക്ക് പുറമെ കുറ്റിക്കാടുകൾ, യൂക്കാലിപ്റ്റസ്, പൈൻ തോട്ടങ്ങൾ എന്നിവയോട് ചേർന്ന പ്രദേശങ്ങളും നിയന്ത്രണത്തിന്റെ പരിധിയിൽ വരാനിടയുണ്ട്.
മൂന്നാർ, പീരുമേട് മേഖലകളിൽ ഇത്തരം പ്രദേശങ്ങളിൽനിന്നാണ് ആന, കടുവ, പുലി, കരടി, കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സംസ്ഥാന, ദേശീയ പാതകളിലൂടെയുള്ള രാത്രിയാത്രയ്ക്കും ഉത്തരവ് പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്കയുണ്ട്.
ഇതിനിടെ, വന്യജീവികളുടെ സഞ്ചാരത്തിന് തടസമാകുന്ന നിർമാണങ്ങൾ പൊളിച്ചുനീക്കാൻ സെപ്റ്റംബർ 23ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉത്തരവിട്ടിരുന്നു. സെപ്റ്റംബർ 25ന് ഇടുക്കിയിലെത്തിയ മുഖ്യമന്ത്രിയും വനം മന്ത്രിയും ഉത്തരവ് അനധികൃത നിർമാണങ്ങൾക്ക് മാത്രമാണ് ബാധകമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാത്രികാല മനുഷ്യസഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയുള്ള പുതിയ ഉത്തരവ്.


