തദ്ദേശ സ്ഥാപനങ്ങളിലെ വികസന അപാകതകൾ: കുമളിയിൽ നിയമസഭാ സമിതി സിറ്റിംഗ്
കുമളി: ഇടുക്കി ജില്ലാ പഞ്ചായത്തിന്റെയും വിവിധ ഗ്രാമപഞ്ചായത്തുകളുടെയും വികസന പദ്ധതികളിലെ അപാകതകളും സാമ്പത്തിക ക്രമക്കേടുകളും പരിശോധിക്കാൻ നിയമസഭാ ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റി കുമളിയിൽ പ്രത്യേക സിറ്റിംഗ് നടത്തി.
ബാംബൂ ഗ്രോവ് റിസോർട്ടിൽ നടന്ന തെളിവെടുപ്പ് സിറ്റിംഗിൽ സമിതി ചെയർമാനും ആലുവ എം.എൽ.എയുമായ അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. ഗവൺമെന്റ് ചീഫ് വിപ്പ് അപു ജോൺ ജോസഫ്, പി. പ്രസാദ് എം.എൽ.എ, ടി.ജെ. വിനോദ് എം.എൽ.എ എന്നിവർ പങ്കെടുത്തു.
പദ്ധതികളുടെ ആസൂത്രണത്തിലെ വീഴ്ച, ഫണ്ട് പാഴാക്കൽ, നിർമാണത്തിലെ സാങ്കേതിക തകരാറുകൾ, വർഷങ്ങളായി പരിഹരിക്കപ്പെടാത്ത ഓഡിറ്റ് തടസ്സവാദങ്ങൾ എന്നിവ സമിതി പരിശോധിച്ചു. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതും ഉദ്യോഗസ്ഥരുടെ വീഴ്ചകളും മൂലം ജനങ്ങൾക്ക് പദ്ധതികളുടെ പ്രയോജനം യഥാസമയം ലഭിക്കാത്ത സാഹചര്യങ്ങളും വിലയിരുത്തി.
തദ്ദേശ സ്ഥാപനങ്ങളിലെ സാമ്പത്തിക അച്ചടക്കവും വികസന പ്രവർത്തനങ്ങളിലെ സുതാര്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പ്രാദേശിക സിറ്റിംഗ് സംഘടിപ്പിച്ചത്. നിയമസഭാ സെക്രട്ടറി ഷാജി എസ്. ബേബി, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.പി. അജിത് കുമാർ, ലോക്കൽ ഫണ്ട് ഡെപ്യൂട്ടി ഡയറക്ടർ അനിതകുമാരി, ജില്ലാ ജോയിന്റ് ഡയറക്ടർ ഷൈനി തുടങ്ങിയ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.


