കളക്ടറുടെ ഉത്തരവ് ജില്ലയിലെ ജനങ്ങളോടുള്ള വെല്ലുവിളി: കത്തോലിക്ക കോൺഗ്രസ്
ഇടുക്കി: വൈകിട്ട് ആറുമുതൽ രാവിലെ ആറുവരെ ജില്ലയിലെ വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ സഞ്ചാരത്തിന് നിയന്ത്രണമേർപ്പെടുത്തിയ ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവിന് പിന്നിലെ ഗൂഢലക്ഷ്യം സർക്കാർ അന്വേഷിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപതാ പ്രസിഡന്റ് ജോർജ് കോയിക്കൽ ആവശ്യപ്പെട്ടു.
ഭരണഘടനാവിരുദ്ധവും മനുഷ്യത്വരഹിതവുമായ ഉത്തരവുകൾ തുടർച്ചയായി ഇറക്കി ജനങ്ങളെ ആശങ്കയിലാഴ്ത്തുന്ന ജില്ലാ കളക്ടർ വനം മാഫിയയുടെ ഏജന്റാണോ എന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളതെന്ന് ജോർജ് കോയിക്കൽ ആരോപിച്ചു.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ എന്ന നിലയിൽ കളക്ടർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ ജനങ്ങൾക്ക് തന്നെ മഹാദുരന്തമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കളക്ടറെ അടിയന്തരമായി സ്ഥലം മാറ്റുന്നതിനും അദ്ദേഹത്തിന് ഐഎഎസ് പദവി നൽകിയ തീരുമാനം പുനഃപരിശോധിക്കുന്നതിനും സർക്കാർ തയ്യാറാകണമെന്നും ജോർജ് കോയിക്കൽ ആവശ്യപ്പെട്ടു.


