ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് നൈറ്റ് മാർച്ച്
കോട്ടയം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയത്ത് നൈറ്റ് മാർച്ച് നടത്തി. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജോൺ വി. ജോസഫ് മാർച്ച് ഉദ്ഘാടനം ചെയ്തു.
തെരഞ്ഞെടുപ്പ് കമ്മിഷനെ ബിജെപി-സംഘപരിവാറിന്റെ കളിപ്പാവയാക്കി മാറ്റിയെന്നും കമ്മിഷൻ നിഷ്പക്ഷമായി പ്രവർത്തിക്കുന്നില്ലെന്നും ജോൺ വി. ജോസഫ് ആരോപിച്ചു.
മോദി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മിഷനെയും രാഷ്ട്രീയവൽക്കരിക്കുന്ന കാഴ്ചയാണ് രാജ്യം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷനിലെ മൂന്ന് അംഗങ്ങളിൽ രണ്ടുപേർ പത്ത് തവണ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിട്ടും പൗരന്റെ ജനാധിപത്യ അവകാശങ്ങളെ ബിജെപിക്ക് വേണ്ടി കശാപ്പ് ചെയ്യുന്ന ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എഐവൈഎഫ് ജില്ലാ പ്രസിഡന്റ് കെ. രഞ്ജിത് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം അജിത്ത് വാഴൂർ, എഐടിയുസി കോട്ടയം മണ്ഡലം സെക്രട്ടറി എബി കുന്നേപ്പറമ്പിൽ, എഐവൈഎഫ് ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ഹരിവച്ചൂർ, അരുൺകുമാർ ടി.ആർ., അർജുൻ അക്കരപ്പാടം, സന്തോഷ് കൃഷ്ണൻ, ആർ. രതീഷ്, സച്ചിൻ സജീവ്, അഡ്വ. രാഘവനാഥ് തുടങ്ങിയവർ സംസാരിച്ചു.


