ലോക സമാധാനത്തിനായി കുരുന്നുകളുടെ മൗനജാഥ..
കട്ടപ്പന: ഗാന്ധിജയന്തിയോടനുബന്ധിച്ച് കട്ടപ്പന ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികൾ ലോക സമാധാനത്തിന്റെയും അഹിംസയുടെയും സന്ദേശമുയർത്തി മൗനജാഥ നടത്തി.
മഹാത്മാഗാന്ധിയുടെ ജീവിതവും ദർശനങ്ങളും കുട്ടികളിലേക്കും സമൂഹത്തിലേക്കും പകരുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ജാഥയിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. ഗാന്ധിയൻ ആശയങ്ങളും സമാധാനം, അഹിംസ, സത്യം, സഹിഷ്ണുത തുടങ്ങിയ സന്ദേശങ്ങളും ആലേഖനം ചെയ്ത പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചായിരുന്നു കുട്ടികളുടെ മൗനയാത്ര.
ലോകത്ത് സമാധാനവും സൗഹാർദ്ദവും വളർത്തേണ്ടതിന്റെ പ്രാധാന്യം ഓർമിപ്പിച്ച ജാഥ ശ്രദ്ധേയമായി. ഗാന്ധിജിയുടെ ആശയങ്ങൾ പുതുതലമുറയുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിനുള്ള സന്ദേശവും പരിപാടി നൽകി.


