ജലജീവൻ മിഷന്റെ ഭാഗമായി കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ച റോഡുകൾ അടിയന്തരമായി സഞ്ചാരയോഗ്യമാക്കാൻ തീരുമാനം

ജലജീവൻ മിഷന്റെ ഭാഗമായി കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ച റോഡുകൾ അടിയന്തരമായി സഞ്ചാരയോഗ്യമാക്കാൻ തീരുമാനം

ഇടുക്കി: ജലജീവൻ മിഷന്റെ ഭാഗമായി കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ച റോഡുകൾ അടിയന്തരമായി സഞ്ചാരയോഗ്യമാക്കാൻ തീരുമാനം. ജലജീവൻ മിഷൻ പദ്ധതികളുടെയും ജില്ലാതല ജല ശുചിത്വ മിഷൻ പ്രവർത്തനങ്ങളുടെയും പുരോഗതി വിലയിരുത്താൻ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് മിനി കെ. ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ശബരിമല തീർഥാടനം ആരംഭിക്കുന്ന സാഹചര്യത്തിൽ റോഡ് പുനഃസ്ഥാപിക്കുന്ന നടപടികൾക്ക് കൂടുതൽ ശ്രദ്ധ നൽകണമെന്ന് എ.ഡി.എം നിർദ്ദേശിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലെ കുടിവെള്ള പദ്ധതികളിലെ ജലത്തിന്റെ ഗുണനിലവാരം ഫീൽഡ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് പരിശോധിക്കുന്ന നടപടികൾ വേഗത്തിലാക്കാനും യോഗം നിർദ്ദേശിച്ചു.

Slide 1
Slide 2
Slide 3
Slide 4

ജില്ലയിൽ ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി വാട്ടർ അതോറിറ്റി, ഭൂജല വകുപ്പ്, ജലനിധി എന്നിവ മുഖേന നിരവധി കുടിവെള്ള കണക്ഷൻ പദ്ധതികളാണ് നടപ്പാക്കുന്നത്. തൊടുപുഴ ഡിവിഷനിൽ അനുമതി ലഭിച്ച 25,509 കണക്ഷനുകളിൽ 23,579 എണ്ണത്തിന്റെ പ്രവൃത്തി കരാറുകാർക്ക് കൈമാറിയിട്ടുണ്ട്. ഇതിൽ 13,859 കണക്ഷനുകൾ പൂർത്തിയായി.

പൈനാവ് ഡിവിഷനിൽ 28,381 കണക്ഷനുകൾക്ക് അനുമതി ലഭിച്ചതിൽ 18,970 എണ്ണത്തിന്റെ പ്രവൃത്തി കരാറുകാർക്ക് കൈമാറി. 6,761 കണക്ഷനുകൾ പൂർത്തിയായി.

കട്ടപ്പന ഡിവിഷനിൽ 1,79,829 കണക്ഷനുകൾക്ക് അനുമതി ലഭിച്ചതിൽ 1,70,309 എണ്ണത്തിന്റെ പ്രവൃത്തി കരാറുകാർക്ക് കൈമാറി. 13,978 കണക്ഷനുകൾ പൂർത്തിയായി. കട്ടപ്പന പ്രോജക്ട് ഡിവിഷനിൽ 22 ജലശുദ്ധീകരണശാലകളുടെ പ്രവൃത്തികളാണ് നടക്കുന്നത്. ഇതിൽ നാലെണ്ണം പൂർത്തിയായി, എട്ടെണ്ണം പുരോഗതിയിലാണ്. ഒൻപത് പദ്ധതികൾ ടെൻഡർ നടപടികളിലാണ്.

Slide 1
Slide 2
Slide 3
Slide 4

ജലനിധിയുടെ കീഴിൽ 3,946 കണക്ഷനുകൾക്ക് അനുമതി ലഭിച്ചതിൽ 3,602 എണ്ണം നൽകി. ഭൂജല വകുപ്പിന് കീഴിൽ സാങ്കേതികാനുമതി ലഭിച്ച 621 കണക്ഷനുകളിൽ ആവശ്യമായ 560 എണ്ണത്തിൽ 485 എണ്ണം പൂർത്തിയായി.

Slide 1
Slide 2
Slide 3
Slide 4

ജില്ലാതല ജല ശുചിത്വ മിഷൻ മെംബർ സെക്രട്ടറി ടി.എൻ. സജി, കട്ടപ്പന ഡിവിഷൻ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ കെ.പി. പ്രസാദ്, ക്വാളിറ്റി കൺട്രോൾ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ജിബോയ് ജോർജ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.