ഇടുക്കിയിൽ രാത്രി യാത്രാ നിരോധനമില്ല; പ്രചാരണം തെറ്റെന്ന് ജില്ലാ കളക്ടർ

ഇടുക്കിയിൽ രാത്രി യാത്രാ നിരോധനമില്ല; പ്രചാരണം തെറ്റെന്ന് ജില്ലാ കളക്ടർ

ഇടുക്കി: ജില്ലയിൽ മനുഷ്യ-വന്യജീവി സംഘർഷം ഒഴിവാക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി സ്വീകരിച്ച നടപടികളെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു. പൊതുഗതാഗതത്തിന് തടസ്സമാകുന്ന യാതൊരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്നും കളക്ടർ വ്യക്തമാക്കി.

സെപ്റ്റംബർ 28ന് മൂന്നാർ, പീരുമേട്, ഉടുമ്പൻചോല പ്ലാന്റേഷൻ ഇൻസ്പെക്ടർമാർക്ക് നൽകിയ കത്ത് ഉത്തരവല്ലെന്നും, വനമേഖലയോട് ചേർന്നുള്ള തോട്ടങ്ങളിൽ വൈകിട്ട് ആറുമുതൽ രാവിലെ ആറുവരെ പൊതുജനങ്ങൾ പ്രവേശിക്കുന്നത് ഒഴിവാക്കാനും തോട്ടം ഉടമകളെയും തൊഴിലാളികളെയും ബോധവൽക്കരിക്കാനുമുള്ള നിർദേശം മാത്രമാണെന്നും കളക്ടർ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4

രാത്രികാലങ്ങളിലും വെളിച്ചം കുറവുള്ള സമയങ്ങളിലും തോട്ടങ്ങളിൽ പതിയിരിക്കുന്ന വന്യജീവികളുടെ ആക്രമണത്തിൽ നിന്ന് ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനാണ് നിർദേശം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനെ ജില്ലയിലെ രാത്രി യാത്രാ നിരോധനമായി ചിലർ തെറ്റായി വ്യാഖ്യാനിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ജനങ്ങളിൽ പരിഭ്രാന്തിയും ആശയക്കുഴപ്പവും സൃഷ്ടിക്കുന്നതാണെന്നും കളക്ടർ പറഞ്ഞു.

ജില്ലയിൽ ഒരിടത്തും നിലവിൽ രാത്രി യാത്രാ നിരോധനം ഏർപ്പെടുത്തിയിട്ടില്ല. റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിക്കുമ്പോൾ നൽകുന്ന മുന്നറിയിപ്പുകളും ആക്രമണകാരികളായ വന്യജീവികൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുമ്പോൾ വനംവകുപ്പും റാപ്പിഡ് റെസ്പോൺസ് ടീമും നൽകുന്ന നിർദേശങ്ങളും പാലിക്കണമെന്നാണ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളത്.

വനംവകുപ്പ് നിർണയിച്ച മനുഷ്യ-വന്യജീവി സംഘർഷ ഹോട്ട്സ്പോട്ടുകളിൽ വനംവകുപ്പിന്റെ മുന്നറിയിപ്പുകൾ തോട്ടം മേഖലയിലെ ജനങ്ങളിലെത്തിക്കുകയും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യുന്നതിനുള്ള നടപടികൾ പ്ലാന്റേഷൻ ഇൻസ്പെക്ടർമാർ സ്വീകരിക്കണമെന്നും കളക്ടർ നിർദേശിച്ചു.

Slide 1
Slide 2
Slide 3
Slide 4

കഴിഞ്ഞ 10 വർഷത്തിനിടെ ജില്ലയിൽ മനുഷ്യ-വന്യജീവി സംഘർഷത്തിൽ 81 പേർ മരിക്കുകയും 486 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആനകളുടെ സഞ്ചാരപാതയിലെ അനധികൃത നിർമാണങ്ങൾ, കൂറ്റൻ മരങ്ങളിൽ കെട്ടിയ സ്റ്റീൽ റോപ്പുകൾ, വേലികൾ എന്നിവ നീക്കം ചെയ്യാൻ നിർദേശം നൽകിയതെന്നും കളക്ടർ വ്യക്തമാക്കി.

Slide 1
Slide 2
Slide 3
Slide 4

ഇത് പട്ടയഭൂമിയിലെ കർഷകരെ ബാധിക്കുന്ന നടപടിയല്ലെന്നും സർക്കാർ ഭൂമിയിലും വനഭൂമിയിലുമുള്ള കയ്യേറ്റങ്ങൾക്കും റിസോർട്ടുകളിൽ ആനകളെ ആകർഷിക്കുന്നതിനായി ഉപ്പ് വയ്ക്കുന്നതുപോലുള്ള പ്രവർത്തനങ്ങൾക്കുമെതിരെയാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.

അനധികൃത നിർമാണങ്ങൾ പലപ്പോഴും ആനകളുടെ സഞ്ചാരപാതകളിലാണ് സ്ഥിതി ചെയ്യുന്നത്. ഇത്തരം തടസ്സങ്ങൾ ആനകളെ ജനവാസ മേഖലകളിലേക്ക് എത്തിക്കുന്നതിനും മനുഷ്യർക്ക് അപകടമുണ്ടാകുന്നതിനും കാരണമാകുന്നുവെന്നും കളക്ടർ ചൂണ്ടിക്കാട്ടി.

അനധികൃത നിർമാണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കെട്ടിടനിർമാണ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന റിസോർട്ടുകൾക്കെതിരെ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു.