പേവിഷബാധ പ്രതിരോധം; പീരുമേട്ടിൽ ജില്ലയിലെ ആദ്യ മോഡൽ വൂണ്ട് വാഷിംഗ് ഏരിയ തുറന്നു
പീരുമേട്: പേവിഷബാധയേറ്റാൽ ഉടൻ പ്രഥമ ശുശ്രൂഷ നൽകുന്നതിന് പ്രാധാന്യം നൽകണമെന്ന് പീരുമേട് എം.എൽ.എ അഡ്വ. സിറിയക് തോമസ് പറഞ്ഞു. പീരുമേട് താലൂക്ക് ആശുപത്രിയിൽ ജില്ലയിലെ ആദ്യത്തെ മോഡൽ വൂണ്ട് വാഷിംഗ് ഏരിയ ഉദ്ഘാടനം ചെയ്യുകയും ജില്ലാതല പേവിഷബാധ പ്രതിരോധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയും ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പേവിഷബാധയേറ്റാൽ ആവശ്യമായ പ്രഥമ ശുശ്രൂഷ ഉറപ്പാക്കുന്നതിനായി വൂണ്ട് വാഷിംഗ് ഏരിയ ഒരുക്കിയ ആരോഗ്യവകുപ്പിനെയും ഡി.എം.ഒ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരെയും എം.എൽ.എ അഭിനന്ദിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, മൃഗസംരക്ഷണ വകുപ്പ്, പീരുമേട് താലൂക്ക് ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കർ അധ്യക്ഷത വഹിച്ചു. പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ് മുഖ്യാതിഥിയായി.
ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വിദ്യ കെ.ആർ. മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. ജോബിൻ ജെ. ജോസഫ് വിഷയാവതരണം നടത്തി. അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ പി. തോമസ് മോഡൽ വൂണ്ട് വാഷിംഗ് ഏരിയ പ്രഖ്യാപനം നടത്തി.
പീരുമേട് മൃഗസംരക്ഷണ വകുപ്പ് വെറ്ററിനറി സർജൻ പേവിഷബാധയെക്കുറിച്ച് ക്ലാസ് നയിച്ചു. പൊതുജനങ്ങളിൽ പേവിഷബാധ സംബന്ധിച്ച അവബോധം വർധിപ്പിക്കുന്നതിനായി ബോധവത്കരണ റാലിയും മൈക്ക് അനൗൺസ്മെന്റും സംഘടിപ്പിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ വളർത്തുമൃഗങ്ങൾക്കുള്ള വാക്സിനേഷനും പരിപാടിയുടെ ഭാഗമായി നടത്തി.
ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, ആശാ പ്രവർത്തകർ, കുടുംബശ്രീ, അങ്കണവാടി, ഹരിതകർമസേന തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാരും പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.


