‘കൂടെ’ ത്രിദിന സഹവാസ ക്യാമ്പിന് തുടക്കം
സ്വരാജ്: മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘കൂടെ’ ത്രിദിന സഹവാസ ക്യാമ്പിന് തുടക്കമായി. ഒക്ടോബർ 1, 2, 3 തീയതികളിലായി നടക്കുന്ന ക്യാമ്പ് ‘ഒരുമിച്ച് പഠിക്കാം… സേവിക്കാം… വളരാം…’ എന്ന സന്ദേശമുയർത്തിയാണ് സംഘടിപ്പിച്ചിരിക്കുന്നത്.
സ്കൂൾ ഹെഡ്മിസ്ട്രസ് റെജിമോൾ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രിൻസ് മറ്റപ്പള്ളി അധ്യക്ഷത വഹിച്ചു. ‘വന്യജീവി–മനുഷ്യ സംഘർഷം: കാരണങ്ങളും പരിഹാരവും’ എന്ന വിഷയത്തിൽ കാഞ്ചിയാർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ സലിൻ ജോസ് ക്ലാസ് നയിച്ചു.
വന്യജീവി സംരക്ഷണം, മനുഷ്യ–വന്യജീവി സംഘർഷത്തിന്റെ കാരണങ്ങൾ, സംഘർഷം കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ എന്നിവ സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസ് നൽകി. വിവിധ സേവന, ബോധവത്കരണ, പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളും ക്യാമ്പിന്റെ ഭാഗമായി നടക്കും.
അധ്യാപകരായ ചാന്തിനി നായർ, ഷിനു മനുവേൽ, ആശാമോൾ, സവിത, ശ്രീജ എന്നിവർ പങ്കെടുത്തു. പ്രോഗ്രാം ഓഫീസർ ജൂബി തോമസ് ക്യാമ്പിന് നേതൃത്വം നൽകുന്നു.


