സ്റ്റോറിൽ സൂക്ഷിച്ചിരുന്ന 22 കിലോ ഏലക്ക മോഷ്ടിച്ചവർ പിടിയിൽ
വണ്ടിപ്പെരിയാർ: ഏലക്ക ഉണക്കി സൂക്ഷിച്ചിരുന്ന സ്റ്റോറിൽ കയറി 66,000 രൂപ വിലവരുന്ന 22 കിലോ ഉണക്ക ഏലക്ക മോഷ്ടിച്ച കേസിൽ രണ്ടുപേരെ വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്തു. തേങ്ങാക്കൽ പുതുക്കാട് 269-ാം നമ്പർ ലയത്തിൽ താമസിക്കുന്ന പാണ്ഡ്യൻ എം. (35), മ്ലാമല സ്വദേശി പുത്തൻപുരയ്ക്കൽ അരുൺ ആന്റണി (34) എന്നിവരാണ് അറസ്റ്റിലായത്.
സെപ്റ്റംബർ 30ന് രാത്രിയിലാണ് മോഷണം നടന്നത്. ഏലപ്പാറ വില്ലേജിലെ തേങ്ങാക്കൽ 110 പുതുവൽ ഭാഗത്തുള്ള ഏലക്ക ഉണക്കി സൂക്ഷിക്കുന്ന സ്റ്റോറിന്റെ പഴയ അടുപ്പ് സ്ഥാപിച്ചിരുന്ന ദ്വാരത്തിലൂടെ അകത്തുകടന്ന പ്രതികൾ, രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 79 കിലോ ഏലക്കയിൽ നിന്ന് 22 കിലോ മോഷ്ടിക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
വണ്ടിപ്പെരിയാർ പൊലീസ് സബ് ഇൻസ്പെക്ടർമാരായ അക്ബർ സാദത്ത്, അനിൽകുമാർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സതീഷ് ചന്ദ്രൻ, സിവിൽ പൊലീസ് ഓഫീസർമാരായ പ്രവീൺ, ഷൈൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


