കാഴ്ച മറച്ച പൊന്തക്കാടുകൾ നീക്കി; അപകടസാധ്യത ഒഴിവാക്കി മാതൃകയായി ഇരട്ടയാർ ഗ്രാമപഞ്ചായത്ത് അംഗത്തിൻ്റെ ഇടപെടൽ
കട്ടപ്പന: ഇരട്ടയാർ–കട്ടപ്പന റോഡിൽ അയ്യമല പടിക്ക് സമീപം വാഹനയാത്രക്കാർക്ക് കാഴ്ച മറച്ച് വളർന്നുനിന്ന പൊന്തക്കാടുകൾ വെട്ടിനീക്കി ഇരട്ടയാർ ഗ്രാമപഞ്ചായത്ത് അംഗം കിരൺ ജോർജും സംഘവും. ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായാണ് റോഡരികിലെ കാടുകൾ നീക്കം ചെയ്തത്.
ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പരിധിയിൽ അയ്യമലപടി ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലും കാഴ്ച മറയ്ക്കുന്ന വിധത്തിൽ പൊന്തക്കാടുകൾ വളർന്നുനിന്നിരുന്നു. ഇതുമൂലം വളവുകളിലും റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളിലും വാഹനയാത്രക്കാർക്ക് കാഴ്ചപരിധി കുറയുകയും അപകടസാധ്യത വർധിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നു.
പ്രശ്നം സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേർ ശ്രദ്ധ ക്ഷണിച്ചിരുന്നെങ്കിലും നാളിതുവരെ കാര്യമായ നടപടിയുണ്ടായിരുന്നില്ല. ഇതേത്തുടർന്നാണ് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് അംഗം കിരൺ ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം നേരിട്ട് രംഗത്തിറങ്ങിയത്.
റോഡിന്റെ വശങ്ങളിൽ വളർന്നുനിന്ന പൊന്തക്കാടുകളും കാടുകളും വെട്ടിനീക്കിയ സംഘം ജെസിബി ഉപയോഗിച്ച് റോഡരികിലെ ഭാഗങ്ങൾ ലെവൽ ചെയ്ത് യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതമായ സാഹചര്യം ഒരുക്കുകയും ചെയ്തു.
കാഴ്ച മറച്ചിരുന്ന ചെടികൾ നീക്കം ചെയ്തതോടെ വാഹനയാത്രക്കാർക്ക് റോഡിലെ മുന്നോട്ടുള്ള കാഴ്ച കൂടുതൽ വ്യക്തമായി.ഗാന്ധിജയന്തി ദിനത്തിൽ ശുചിത്വവും പൊതുസുരക്ഷയും മുൻനിർത്തി നടത്തിയ ഇടപെടൽ പ്രദേശവാസികളുടെയും യാത്രക്കാരുടെയും ശ്രദ്ധ നേടി.


