കളിക്കിടെ കാൽവഴുതി കിണറ്റിൽ വീണു; 14കാരനെ രക്ഷിച്ച് അഗ്നിരക്ഷാസേന
തൊടുപുഴ: ഫുട്ബോൾ കളിക്കുന്നതിനിടെ ചുറ്റുമതിലില്ലാത്ത കിണറ്റിൽ വീണ 14കാരനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഇടവെട്ടി പമ്പിന് സമീപം ഞായറാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം.
മാർത്തോമ തോട്ടുങ്കൽപീടികയിൽ ഷിയാസിന്റെ മകൻ സി.ആർ. റിസ്വാനാണ് അപകടത്തിൽപ്പെട്ടത്. കൂട്ടുകാർക്കൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെ പന്ത് കാടുപിടിച്ചുകിടന്ന കിണറ്റിലേക്ക് വീണു. പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ സ്ഥലപരിചയക്കുറവ് മൂലം കാൽവഴുതി റിസ്വാൻ കിണറ്റിൽ വീഴുകയായിരുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തൊടുപുഴ അഗ്നിരക്ഷാസേന സ്ഥലത്തെത്തി റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് റിസ്വാനെ കിണറ്റിൽനിന്ന് സുരക്ഷിതമായി പുറത്തെടുത്തു. ഏകദേശം 40 അടി ആഴമുള്ള കിണറ്റിൽ വെള്ളം കുറവായിരുന്നു. കൈക്ക് നിസാര പരുക്കേറ്റ റിസ്വാനെ സേനയുടെ വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു. മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് അധികൃതർ അറിയിച്ചു.
സ്റ്റേഷൻ ഓഫീസർ ടി.കെ. ജയറാമിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡി. മനോജ് കുമാർ, ഫയർ ഓഫീസർമാരായ നിസാമുദ്ദീൻ, ആഷിക്, ഹരീഷ്, ഡ്രൈവർമാരായ ജെയ്സ്, ഷൗക്കത്ത്, ഹോം ഗാർഡുമാരായ ബെന്നി, മുസ്തഫ, സലിം എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.


