പൂപ്പാറയിൽ 2,850 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ
പൂപ്പാറ: 2,850 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവിനെ ശാന്തൻപാറ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ഈരാറ്റുപേട്ട വലിയപാണൻപറമ്പിൽ മുഹമ്മദ് യാസിൻ (34) ആണ് അറസ്റ്റിലായത്.
പൂപ്പാറ ടൗൺ ഭാഗത്ത് നിരോധിത ലഹരി ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. മൂന്നാർ അഡീഷണൽ എസ്.പി.യുടെ നിർദേശപ്രകാരം ദേവികുളം സർക്കിൾ ഇൻസ്പെക്ടർ കവി രാജിന്റെയും ശാന്തൻപാറ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.പി. അനിൽകുമാറിന്റെയും നേതൃത്വത്തിലുള്ള സംഘം പൂപ്പാറ-മൂന്നാർ റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽ പരിശോധന നടത്തി.
കാറിൽ നാല് പ്ലാസ്റ്റിക് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 2,850 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഇവയുടെ വിൽപ്പനയിലൂടെ ലഭിച്ചതെന്ന് സംശയിക്കുന്ന 37,600 രൂപയും പോലീസ് പിടിച്ചെടുത്തു.
സിവിൽ പോലീസ് ഓഫീസർമാരായ മഹേഷ് കെ.എം., ഗണേശൻ എം., അരുൺ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.


