വന്യജീവി സംരക്ഷണ ഉത്തരവുകൾക്കെതിരെ കേരള കോൺഗ്രസ് (എം); ഇന്ന് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തും
ഇടുക്കി: വന്യജീവി സംരക്ഷണത്തിന്റെ പേരിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്ന സംവിധാനങ്ങൾ ഇല്ലാതാക്കാനുള്ള നീക്കത്തിൽനിന്ന് സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും പിന്മാറണമെന്ന് കേരള കോൺഗ്രസ് (എം) ഇടുക്കി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
വനമേഖലയോട് ചേർന്ന് താമസിക്കുന്ന കർഷകർ സ്ഥാപിച്ച സംരക്ഷണ വേലികളും മതിലുകളും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട സെപ്റ്റംബർ 23ലെ ജില്ലാ കളക്ടറുടെ ഉത്തരവും ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ച സെപ്റ്റംബർ 28ലെ നിയന്ത്രണ ഉത്തരവും പിൻവലിക്കണമെന്നാണ് പാർട്ടിയുടെ ആവശ്യം.
ഉത്തരവുകൾക്കെതിരെ കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് ഇടുക്കി കളക്ടറേറ്റിലേക്ക് മാർച്ചും ഉത്തരവുകളുടെ പകർപ്പുകൾ കത്തിച്ചുള്ള പ്രതിഷേധവും സംഘടിപ്പിക്കും. മുൻമന്ത്രി റോഷി അഗസ്റ്റിൻ സമരം ഉദ്ഘാടനം ചെയ്യും.
വന്യജീവികളുടെ സഞ്ചാരപാതകൾ സംരക്ഷിക്കാനെന്ന പേരിൽ കർഷകർ സ്വന്തം ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനായി സ്ഥാപിച്ച വേലികളും മതിലുകളും മറ്റ് സുരക്ഷാ സംവിധാനങ്ങളും നീക്കം ചെയ്യാനുള്ള തീരുമാനം അംഗീകരിക്കാനാകില്ലെന്ന് ജില്ലാ കമ്മിറ്റി വ്യക്തമാക്കി. സുരക്ഷാ സംവിധാനങ്ങൾ നീക്കം ചെയ്തശേഷം ജനങ്ങൾക്ക് സുരക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന സമീപനം അംഗീകരിക്കാനാകില്ലെന്നും നേതാക്കൾ പറഞ്ഞു.
സെപ്റ്റംബർ 28ലെ ഉത്തരവിലെ വ്യവസ്ഥകൾ ജില്ലയിൽ രാത്രി യാത്രാ നിയന്ത്രണത്തിന് ഇടയാക്കുമെന്ന ആശങ്കയും പാർട്ടി പ്രകടിപ്പിച്ചു. ഉത്തരവുകൾ പിൻവലിക്കുന്നതുവരെ സമരം ശക്തമാക്കുമെന്നും ഇടുക്കിയിലെ കർഷകരുടെയും മലയോര ജനതയുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പ്രക്ഷോഭം തുടരുമെന്നും ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ, ജില്ലാ ജനറൽ സെക്രട്ടറി രാരിച്ചൻ നീർനാകുന്നേൽ, ജോസ് കുഴികണ്ടം, ഷിജോ തടത്തിൽ, ജിൻസൺ വർക്കി എന്നിവർ അറിയിച്ചു.


