രാഹുൽ ഗാന്ധിയുടെ അറസ്റ്റ്: കുമളിയിൽ കോൺഗ്രസ് പ്രകടനവും റോഡ് ഉപരോധവും
കുമളി: ഡൽഹിയിൽ പ്രതിഷേധത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെയും പോലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് കുമളിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനവും റോഡ് ഉപരോധവും നടത്തി.
ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട എസ്.ഐ.ആർ. നടപടിയിലെ ക്രമക്കേടുകൾ ആരോപിച്ചും പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണി പാർലമെന്റിൽനിന്ന് ഇലക്ഷൻ കമ്മീഷൻ ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്ന് നേതാക്കൾ നടത്തിയ കുത്തിയിരിപ്പ് സമരത്തിനിടെയാണ് പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തതെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം.
ഇതിൽ പ്രതിഷേധിച്ച് കുമളി ടൗണിൽനിന്ന് ആരംഭിച്ച പ്രകടനം കുളത്തുപാലം ചുറ്റി ടൗണിലെത്തി അതിർത്തി ചെക്ക് പോസ്റ്റിന് സമീപം പ്രധാന റോഡ് ഉപരോധിച്ചു. ഉപരോധത്തെ തുടർന്ന് അതിർത്തി മേഖലയിൽ ഗതാഗതം തടസ്സപ്പെട്ടു.
പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള കേന്ദ്രസർക്കാർ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് നേതാക്കൾ പറഞ്ഞു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.പി. റഹീം അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റോബിൻ കറിക്കാട്ട് ഉദ്ഘാടനം ചെയ്തു. ബിജു ഡാനിയൽ, സന്തോഷ് ഉമ്മൻ തുടങ്ങിയവർ സംസാരിച്ചു.
കെ.പി.സി.സി ആഹ്വാനം ചെയ്ത സംസ്ഥാനവ്യാപക കരിദിനത്തിന്റെ ഭാഗമായി വരും ദിവസങ്ങളിലും മണ്ഡലത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് ഭാരവാഹികൾ അറിയിച്ചു.


