ഇ.എസ്.എ വിഷയത്തിൽ കർഷകരുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ ഇടപെടും: മന്ത്രി ടി. സിദ്ദിഖ്

ഇ.എസ്.എ വിഷയത്തിൽ കർഷകരുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ ഇടപെടും: മന്ത്രി ടി. സിദ്ദിഖ്

പീരുമേട്: കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഏഴാമത് കരട് വിജ്ഞാപനത്തിൽ കേരളത്തിലെ 131 വില്ലേജുകളിലായി 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോല മേഖലയായി ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കർഷകർക്കുള്ള ആശങ്കകൾ പരിഹരിക്കാൻ സർക്കാർ ശക്തമായി ഇടപെടുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. ജനവാസ മേഖലകൾ, കൃഷിഭൂമികൾ, തോട്ടങ്ങൾ എന്നിവ ഇ.എസ്.എ പരിധിയിൽനിന്ന് പൂർണമായും ഒഴിവാക്കണമെന്നതാണ് സംസ്ഥാന സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി കൃഷിവകുപ്പും കേരള ഹോർട്ടികൾച്ചർ മിഷനും നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം കുട്ടിക്കാനം പീരുമേട് ഡെവലപ്‌മെന്റ് സൊസൈറ്റിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

Slide 1
Slide 2
Slide 3
Slide 4

കാർഷിക ഉൽപ്പന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണി

കേരളത്തിലെ കാർഷിക ഉൽപ്പന്നങ്ങളെ ദേശീയ-അന്താരാഷ്ട്ര വിപണികളിലെത്തിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഉൽപ്പാദനത്തിനൊപ്പം സംഭരണം, സംസ്കരണം, ബ്രാൻഡിങ്, വിപണനം എന്നിവയ്ക്കും പ്രാധാന്യമുണ്ട്. ഗ്രാമീണ മേഖലയിലെ കർഷക ഉൽപ്പന്നങ്ങൾക്ക് ആവശ്യമായ സർട്ടിഫിക്കേഷനും ബ്രാൻഡിങ്ങും ഉറപ്പാക്കി അന്താരാഷ്ട്ര വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി ആറുമാസത്തിനകം കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് അന്താരാഷ്ട്ര എക്സ്പോർട്ട് കോൺക്ലേവ് സംഘടിപ്പിക്കും.

വിളനാശത്തിനുള്ള നഷ്ടപരിഹാരത്തുക 25 ശതമാനം വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. വന്യമൃഗങ്ങളുടെ ആക്രമണത്തെത്തുടർന്നുള്ള കാർഷിക നഷ്ടങ്ങൾക്ക് നൽകുന്ന നഷ്ടപരിഹാരം ഇരട്ടിയാക്കുന്നതിനുള്ള നിർദേശം വനംവകുപ്പും കൃഷിവകുപ്പും സംയുക്തമായി തയ്യാറാക്കി ധനകാര്യ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4

500 സ്കൂളുകളിൽ കതിര് കാർഷിക ക്ലബ്

Slide 1
Slide 2
Slide 3
Slide 4

യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനായി കതിര് കാർഷിക ക്ലബ് പദ്ധതി ആരംഭിച്ചതായി മന്ത്രി പറഞ്ഞു. നോഡൽ അധ്യാപകൻ, പിന്തുണാസമിതി, കതിര് മാർക്കറ്റ്, പരിശീലന പരിപാടികൾ എന്നിവ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ സ്കൂളിനും 10,000 രൂപ വീതം ധനസഹായം നൽകും.

ഈ വർഷം 500 സ്കൂളുകളിൽ പദ്ധതി ആരംഭിക്കും. അടുത്ത വർഷം സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലേക്കും വ്യാപിപ്പിക്കാനാണ് ലക്ഷ്യം. വിദ്യാർഥികളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനൊപ്പം ഗ്രേസ് മാർക്കും നൽകുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറുന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്കരണ യൂണിറ്റുകൾക്ക് സബ്സിഡി

പീരുമേട് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ സുഗന്ധവ്യഞ്ജന സെക്കൻഡറി സംസ്കരണ യൂണിറ്റും മരിയാപുരം എവർഗ്രീൻ കാർഡമം ഡ്രയേഴ്‌സ് ആൻഡ് സ്പൈസസിന്റെ പ്രാഥമിക സംസ്കരണ യൂണിറ്റും മന്ത്രി ഉദ്ഘാടനം ചെയ്തു. പീരുമേട് ഡെവലപ്‌മെന്റ് സൊസൈറ്റിക്ക് 35 ലക്ഷം രൂപയും മരിയാപുരത്തെ യൂണിറ്റിന് 12.25 ലക്ഷം രൂപയും സബ്സിഡിയായി വിതരണം ചെയ്തു.

പൂർണമായും ജൈവകൃഷിയിലേക്ക് മാറിയ ഉപ്പുതറയിലെ 36 കർഷകർക്ക് പാർട്ടിസിപ്പേറ്ററി ഗാരന്റി സിസ്റ്റം (പി.ജി.എസ്) സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. പീരുമേട് ഡെവലപ്‌മെന്റ് സൊസൈറ്റി സ്ഥാപക ഡയറക്ടർ മാർ മാത്യു അറയ്ക്കലിനെ മന്ത്രി ആദരിച്ചു.

സിറിയക് തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. റോയി കെ. പൗലോസ് എം.എൽ.എ, സേനാപതി വേണു എം.എൽ.എ എന്നിവർ സംസ്ഥാനതല അവാർഡ് ജേതാക്കളെയും വിശിഷ്ടാതിഥികളെയും ആദരിച്ചു. കേരള എസ്.എച്ച്.എം മിഷൻ ഡയറക്ടർ എസ്. ആശ പദ്ധതി വിശദീകരിച്ചു.

ഹോർട്ടികോർപ്പ് മാനേജിങ് ഡയറക്ടർ എസ്. സിന്ധു, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഡീന ഏബ്രഹാം, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കർ, ജില്ലാ പഞ്ചായത്ത് അംഗം മിനി സാബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശാന്തി രമേശ്, ഒ.എസ്. ഉമർ ഫാറൂഖ്, സുഗുണൻ, അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ പി. തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം നിക്സൺ ജോർജ്, പീരുമേട് ഡെവലപ്‌മെന്റ് സൊസൈറ്റി പേട്രൺ മാർ ജോസ് പുളിക്കൽ തുടങ്ങിയവർ പങ്കെടുത്തു.