ചെറുകിട കർഷകരുടെ ഉന്നമനത്തിന് കരുതലൊരുക്കി ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷികജില്ല അസംബ്ലി
കാഞ്ഞിരപ്പള്ളി: കർഷകരുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും പൊതുസമൂഹത്തിന്റെ ആവശ്യങ്ങളിൽ ഇടപെടുന്നതിനും ഇൻഫാമിന് നിർണായക പങ്കുവഹിക്കാനാകുന്നുണ്ടെന്ന് ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷികജില്ല രക്ഷാധികാരി മാർ ജോസ് പുളിക്കൽ. ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷികജില്ല അസംബ്ലിയിൽ ജില്ലാ നേതാക്കൾക്ക് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിഷയങ്ങളിൽ കൂട്ടായ ഇടപെടൽ നടത്തുന്ന ഇൻഫാമിന്റെ പ്രവർത്തനശൈലി തുടരണമെന്ന് മാർ ജോസ് പുളിക്കൽ പറഞ്ഞു. വിളകൾക്ക് ആനുപാതികമായ വില ഉറപ്പാക്കി കർഷകരുടെ സാമ്പത്തിക ഭദ്രത വർധിപ്പിക്കാൻ സംഘടന നടത്തുന്ന ഇടപെടലുകൾ ശ്രദ്ധേയമാണ്. സ്വന്തം സമയവും കഴിവും സമ്പത്തും മാറ്റിവച്ച് ചെറുകിട കർഷകരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന നേതാക്കളെ അദ്ദേഹം അഭിനന്ദിച്ചു.
ഇൻഫാം അംഗങ്ങളായ ചെറുകിട കർഷകരുടെ വളർച്ചയ്ക്കും ഉന്നമനത്തിനുമായി സംഘടനാ ഭാരവാഹികൾ നിസ്വാർഥമായി പ്രവർത്തിക്കണമെന്ന് അസംബ്ലിയിൽ അധ്യക്ഷത വഹിച്ച ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ പറഞ്ഞു. കർഷകർ നേരിടുന്ന പ്രതിസന്ധികളിൽ അവർക്കൊപ്പം നിൽക്കേണ്ടത് യൂണിറ്റ് തലം മുതൽ എല്ലാ തലങ്ങളിലുമുള്ള നേതാക്കളുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാർഷികജില്ല ജോയിന്റ് ഡയറക്ടർമാരായ ഫാ. മാത്യു പനച്ചിക്കൽ, ഫാ. വർഗീസ് കുളമ്പള്ളിൽ, ഫാ. റോബിൻ പട്രകാലായിൽ, ഫാ. ആന്റണി കോട്ടൂർ, ഫാ. ആൽബിൻ പുൽത്തകിടിയേൽ, ദേശീയ സെക്രട്ടറി നെൽവിൻ സി. ജോയ്, ദേശീയ ട്രഷറർ ജെയ്സൺ ചെംബ്ലായിൽ, സംസ്ഥാന സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ, സംസ്ഥാന ട്രഷറർ ജോസ് സി.എ. പൂവത്തോലിചെറ്റയിൽ, കാഞ്ഞിരപ്പള്ളി കാർഷികജില്ല പ്രസിഡന്റ് തോമസ് തുപ്പലഞ്ഞിയിൽ, സെക്രട്ടറി തോമസുകുട്ടി വാരണത്ത് എന്നിവർ പ്രസംഗിച്ചു.
ഹൈറേഞ്ച്, ലോറേഞ്ച്, തെക്കൻ മേഖലാ പ്രസിഡന്റുമാരായ സെബാസ്റ്റ്യൻ മുക്കുങ്കൽ, ഷാബോച്ചൻ മുളങ്ങാശേരി, ജോസ് താഴത്തുപീടിക, മേഖലാ സെക്രട്ടറിമാരായ ജോസ് വടക്കേടത്ത്, സെബാസ്റ്റ്യൻ കൈതയ്ക്കൽ, തോമസ് കൊട്ടാടിക്കുന്നേൽ എന്നിവരും സംസാരിച്ചു.
എൽനിനോ പ്രതിഭാസം, രണ്ടാം ഭൂപരിഷ്കരണം, പരിസ്ഥിതിലോല മേഖല (ഇഎസ്എ), വന്യജീവി പ്രശ്നങ്ങൾ, വിവിധ കൺസോർഷ്യങ്ങളുടെ രൂപീകരണം തുടങ്ങിയ വിഷയങ്ങൾ അസംബ്ലിയിൽ പഠനവിധേയമാക്കി.


