മനസിലെ സ്നേഹം കത്തുകളിലൂടെ വീട്ടിലെത്തിച്ച് കുരുന്നുകൾ; തപാൽ സേവനങ്ങളും സമ്പാദ്യ പദ്ധതികളും നേരിട്ടറിഞ്ഞ് കാഞ്ചിയാർ ഗവ. ട്രൈബൽ എൽ.പി. സ്കൂൾ വിദ്യാർത്ഥികൾ
കാഞ്ചിയാർ: ലോക തപാൽ ദിനത്തോടനുബന്ധിച്ച് തപാൽ സംവിധാനത്തിന്റെ പ്രവർത്തനങ്ങളും വിവിധ സേവനങ്ങളും നേരിട്ടറിയാൻ കാഞ്ചിയാർ ഗവ. ട്രൈബൽ എൽ.പി. സ്കൂളിലെ വിദ്യാർത്ഥികൾ കാഞ്ചിയാർ പോസ്റ്റ് ഓഫീസ് സന്ദർശിച്ചു. സ്വന്തം കൈപ്പടയിൽ കുടുംബാംഗങ്ങൾക്ക് കത്തുകളെഴുതി തപാൽ വഴി അയച്ചത് കുട്ടികൾക്ക് വേറിട്ട പഠനാനുഭവമായി.
കത്തുകൾ സ്വീകരിക്കുന്നതും തരംതിരിക്കുന്നതും അയയ്ക്കുന്നതും സ്റ്റാമ്പുകളുടെ പ്രാധാന്യവും തപാൽ ഉരുപ്പടികളുടെ കൈമാറ്റവുമെല്ലാം കുട്ടികൾ ചോദിച്ചറിഞ്ഞു. പോസ്റ്റ് മിസ്ട്രസ് അക്ഷയ ലക്ഷ്മി തപാൽ വകുപ്പിന്റെ വിവിധ സേവനങ്ങൾ പരിചയപ്പെടുത്തി.
സാധാരണ തപാൽ സേവനങ്ങൾക്കു പുറമെ സേവിംഗ്സ് അക്കൗണ്ട്, റിക്കറിംഗ് ഡെപ്പോസിറ്റ്, ടൈം ഡെപ്പോസിറ്റ്, പി.പി.എഫ്., സുകന്യ സമൃദ്ധി അക്കൗണ്ട്, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് തുടങ്ങിയ സമ്പാദ്യ പദ്ധതികളെക്കുറിച്ചും കുട്ടികൾക്ക് വിശദീകരണം നൽകി. സമ്പാദ്യശീലത്തിന്റെ പ്രാധാന്യവും ലളിതമായി പരിചയപ്പെടുത്തി.
സന്ദർശനത്തിന്റെ ഭാഗമായി കുട്ടികൾ മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കും സ്വന്തം കൈപ്പടയിൽ കത്തുകളെഴുതി. കത്തിന്റെ രൂപം, വിലാസമെഴുത്ത്, സ്റ്റാമ്പ് പതിക്കൽ, തപാൽ വഴി കത്തയയ്ക്കുന്ന രീതി എന്നിവയും നേരിട്ടു പഠിച്ചു. മൊബൈൽ ഫോണുകളിലൂടെയും ഡിജിറ്റൽ സന്ദേശങ്ങളിലൂടെയും ആശയവിനിമയം സാധാരണമായ കാലത്ത് കൈകൊണ്ടെഴുതിയ കത്തുകൾ തപാൽ വഴി വീട്ടിലെത്തിക്കുന്ന അനുഭവം കുട്ടികൾക്ക് കൗതുകമായി.
സന്ദർശനത്തിനിടെ സമീപത്തെ വ്യാപാരി തങ്കച്ചൻ പൂവത്തോലിൽ വിദ്യാർത്ഥികൾക്കും തപാൽ ജീവനക്കാർക്കും മധുരപലഹാരങ്ങൾ വിതരണം ചെയ്തു.ക്ലാസ് മുറിക്ക് പുറത്തുള്ള പഠനത്തിന്റെ ഭാഗമായി ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട അറിവുകൾ നേരിട്ടുള്ള അനുഭവത്തിലൂടെ പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് സന്ദർശനം സംഘടിപ്പിച്ചതെന്ന് പ്രധാനാധ്യാപിക ലിൻസി ജോർജ് പറഞ്ഞു. ആശയവിനിമയം, കത്തിടപാട്, സമ്പാദ്യം, സാമ്പത്തിക സാക്ഷരത തുടങ്ങിയ മേഖലകളെ ഒരുമിച്ച് പരിചയപ്പെടാൻ കുട്ടികൾക്ക് സന്ദർശനം അവസരമായെന്നും അവർ കൂട്ടിച്ചേർത്തു.
പോസ്റ്റ് മിസ്ട്രസ് അക്ഷയ ലക്ഷ്മി, ജീവനക്കാരായ വി.എസ്. അജിത്ത്, ലക്ഷ്മിപാർവതി, രാഖി രാജേഷ്, അധ്യാപകരായ ജിയോ സെബാസ്റ്റ്യൻ, ലിബിയ ജെയിംസ്, അനുഷ ഷാജി, വിഷ്ണു ഗോപാലകൃഷ്ണൻ, അമലു മാത്യു എന്നിവർ നേതൃത്വം നൽകി.


