ഇടുക്കിയിൽ 643 ഭക്ഷ്യസ്ഥാപനങ്ങളിൽ പരിശോധന
15 ഭക്ഷ്യസാമ്പിളുകൾ സുരക്ഷിതമല്ലെന്ന് കണ്ടെത്തി; 95 സ്ഥാപനങ്ങൾക്ക് തിരുത്തൽ നോട്ടീസ്
ഇടുക്കി: ജില്ലയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഭക്ഷ്യസുരക്ഷാ വകുപ്പ് 643 ഭക്ഷ്യോൽപാദന-വിതരണ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. പരിശോധനയിൽ 15 ഭക്ഷ്യസാമ്പിളുകൾ സുരക്ഷിതമല്ലെന്നും രണ്ടെണ്ണം ഗുണനിലവാരമില്ലാത്തതാണെന്നും കണ്ടെത്തി. വിവിധ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ആകെ രണ്ട് ലക്ഷം രൂപ പിഴ ഈടാക്കിയതായും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.
ജില്ലാതല ഭക്ഷ്യ ഉപദേശക സമിതി യോഗത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണറാണ് പരിശോധനാ വിവരങ്ങൾ അവതരിപ്പിച്ചത്. 139 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും 202 സർവൈലൻസ് സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചു. നിയമലംഘനങ്ങൾ കണ്ടെത്തിയ 95 സ്ഥാപനങ്ങൾക്ക് തിരുത്തൽ നോട്ടീസ് നൽകി. മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബ് വഴി 422 പരിശോധനകൾ നടത്തി. ലഭിച്ച 71 പരാതികളിൽ 70 എണ്ണവും തീർപ്പാക്കി.
സുരക്ഷിതമല്ലാത്ത ഭക്ഷ്യവസ്തുക്കൾ
ചിക്കൻ അൽഫാം, മിക്സ്ചർ, ബനാന ചിപ്സ്, കരസേവ, ശർക്കര വരട്ടി, പക്കാവട, ജാഗറി പൗഡർ, മന്തി റൈസ്, ചില്ലിപ്പൊടി തുടങ്ങിയ ഭക്ഷ്യവസ്തുക്കളാണ് പരിശോധനയിൽ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയത്. ഫ്രണ്ട്സ് സീ ഫുഡ് ഹോട്ടൽ ആനച്ചാൽ, പോപ്പീസ് സ്വീറ്റ്സ് ഇരുമ്പുപാലം, തക്കുടു മുത്ത് അടിമാലി, കാവേരി ബേക്കറി കാഞ്ഞാർ, എസ്.എൻ. സ്വീറ്റ്സ് കൂമ്പൻപാറ, കൈഫാൻ കുഴിമന്തി തൊടുപുഴ, ജന്ന ബേക്കറി ആൻഡ് ഫുഡ് കോർട്ട് അടിമാലി എന്നിവിടങ്ങളിൽ നിന്നുള്ള സാമ്പിളുകളും പട്ടികയിലുണ്ട്.
വണ്ണപ്പുറം റിലയൻസ് റീട്ടെയിൽ, കുഞ്ചിത്തണ്ണി മഹാലക്ഷ്മി സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ വിൽപ്പനയ്ക്കുവെച്ച ജാഗറി പൗഡർ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തി. തൊടുപുഴ സപ്ലൈകോ സൂപ്പർമാർക്കറ്റ് വഴി വിറ്റ അയഡൈസ്ഡ് ഉപ്പിലും മുരിക്കാശ്ശേരി സപ്ലൈകോ സൂപ്പർമാർക്കറ്റ് വഴി വിറ്റ യെല്ലോ സ്പ്ലിറ്റ് പീസിലും ഗുണനിലവാര പ്രശ്നങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
വിവിധ സ്ഥാപനങ്ങൾക്ക് പിഴ
തൊടുപുഴയിലെ ലൂർദ് മാതാ കേറ്ററിങ് സ്ഥാപനത്തിന് 25,000 രൂപയും കുമാരമംഗലത്തെ കോച്ചേരിൽ ഏജൻസീസിന് 5,000 രൂപയും റോസ്റ്റഡ് കൊക്കനട്ട് ടെസ്റ്റ് ഓയിൽ ഉൽപാദിപ്പിച്ച തൃശൂരിലെ ഭദ്ര ഓയിൽ മില്ലിന് 25,000 രൂപയും പിഴ ചുമത്തി. ഗുണനിലവാരമില്ലാത്ത റീഫൈൻഡ് പാമോയിൽ അടിമാലി അങ്ങാടി ഹൈപ്പർ മാർക്കറ്റ് വഴി വിൽപ്പന നടത്തിയതിന് ഉൽപാദകരായ ആലുവ ന്യൂ പെരിയാർ ഓയിൽ മിൽസിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി.
ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിച്ചതിന് ആനച്ചാലിലെ പുത്തൻപുരയിൽ പെപ്പർ മാർക്കറ്റിന് 5,000 രൂപയും മൂന്നാറിലെ അറേബ്യൻ ഗ്രിൽസിന് ഒരു ലക്ഷം രൂപയും പിഴ ചുമത്തി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് കട്ടപ്പനയിലെ 20 ഏക്കർ ടോഡി ഷോപ്പിന് 20,000 രൂപയും പിഴ ചുമത്തി.
പൈനാവ് ബുഹാരി ഹോട്ടലിന് 5,000 രൂപ, ന്യൂ വിനായക ഹോട്ടലിന് 2,000 രൂപ, കട്ടപ്പന കൊച്ചിൻ ബേക്കറിക്ക് 15,000 രൂപ, കട്ടപ്പന സൗത്തിലെ പോർച്ച് ഗ്രില്ലിന് 12,000 രൂപ, കോതമംഗലത്തെ ഫിഫാ ഓയിൽ ഇൻഡസ്ട്രീസിന് 15,000 രൂപ എന്നിങ്ങനെയും പിഴ ചുമത്തിയിട്ടുണ്ട്. ഭക്ഷണപ്പൊതികളിൽ സമയവും തീയതിയും രേഖപ്പെടുത്തിയ ലേബൽ പതിക്കാത്തതിന് വെങ്ങല്ലൂർ മങ്ങാട്ടുകവല ബൈപ്പാസിലെ കോട്ട റസ്റ്റോറന്റിന് 3,000 രൂപ പിഴ ചുമത്തി.
ഗുണനിലവാരമില്ലാത്ത സിന്തറ്റിക് വിനാഗിരി വിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ട് എറണാകുളം ഞാറയ്ക്കലിലെ ഇന്ത്യൻ ഫുഡ് പാക്കേഴ്സിന് 5,000 രൂപ പിഴ ചുമത്തി. വിവിധ ഭക്ഷ്യസുരക്ഷാ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് മറ്റു സ്ഥാപനങ്ങൾക്കും ഉൽപാദകർക്കും പിഴ ചുമത്തിയിട്ടുണ്ട്.
കോടതി ശിക്ഷയും
സിന്തറ്റിക് ഫുഡ് കളറായ ടാർട്രാസൈൻ ചേർത്ത് ബനാന ചിപ്സ് വിൽപ്പന നടത്തിയ കരടിക്കുഴിയിലെ ഹോട്ടൽ അന്നപൂർണയ്ക്ക് പീരുമേട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 10,000 രൂപ പിഴ വിധിച്ചു.
സുരക്ഷിതമല്ലാത്ത പാം ജാഗറി വിൽപ്പന നടത്തിയ തടിയമ്പാട്ടെ പറക്കാട്ട് സൂപ്പർമാർക്കറ്റിനും ഉൽപാദകരായ കാഞ്ഞിരപ്പള്ളിയിലെ സി.എസ്. ട്രേഡേഴ്സിനും ഇടുക്കി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 15,000 രൂപ വീതം പിഴയും കോടതി പിരിയുന്നതുവരെ തടവും വിധിച്ചു.
എഡിഎമ്മിന്റെ ചേംബറിൽ ചേർന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് മിനി കെ. ജോൺ അധ്യക്ഷത വഹിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ ബൈജു പി. ജോസഫ്, ഇടുക്കി ഭക്ഷ്യസുരക്ഷാ ഓഫീസർ സൈജു കെ. രാമനാഥ്, വിവിധ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.


