അയ്യപ്പൻകോവില്‍ മാട്ടുക്കട്ട–ശാസ്താംകണ്ടം റോഡ് തകർന്നു; യാത്രാദുരിതം രൂക്ഷം
അയ്യപ്പൻകോവില്‍: മാട്ടുക്കട്ട–ശാസ്താംകണ്ടം റോഡിന്റെ ദയനീയാവസ്ഥയെ തുടർന്ന് നാട്ടുകാർക്ക് ഗുരുതരമായ യാത്രാ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നു. മഴക്കാലത്ത് ചെളിയും വെള്ളക്കെട്ടും നിറഞ്ഞ പാതയിൽ കാൽനട യാത്ര പോലും ദുഷ്‌കരമാണ്.
കുടിയേറ്റകാലത്ത് രൂപം കൊണ്ട ഒന്നര കിലോമീറ്റർ ദൈർഘ്യമുള്ള മൺപാതയാണ് ഈ റോഡ്. ഓടകൾ സമീപവാസികൾ അടച്ചതോടെ മഴവെള്ളം കെട്ടിനിൽക്കുന്ന സ്ഥിതിയായി. യാത്രാ സൗകര്യം ഒരുക്കാതെ പഞ്ചായത്ത് അവഗണിക്കുന്നതായും നാട്ടുകാർ ആരോപിക്കുന്നു.
റോഡിന്റെ ശോച്യാവസ്ഥ കാരണം ഓട്ടോ, ടാക്സി വാഹനങ്ങൾ പോലും ഓട്ടംവിളിച്ചാൽ വരാത്ത അവസ്ഥയാണ്. റോഡിലെ കുഴികൾ നാട്ടുകാർ ചേർന്ന് താൽക്കാലികമായി അടച്ച്, ഇരുവശങ്ങളിലെയും കുറ്റിക്കാടുകൾ വെട്ടിത്തെളിച്ച് യാത്രാസൗകര്യം ഒരുക്കാൻ ശ്രമിച്ചെങ്കിലും പ്രശ്നം തുടർന്നുകൊണ്ടിരിക്കുകയാണ്.


