സഹപാഠിക്കൊരു കൈത്താങ്ങ് : ബുക്ക് ബാങ്ക് പദ്ധതിയുമായി ശാന്തിഗ്രാം ഇംഗ്ലീഷ് മീഡിയം സ്കൂൾ
ഇരട്ടയാർ: സഹപാഠികൾക്ക് കൈത്താങ്ങാകാൻ ശാന്തിഗ്രാം സ്കൂളിൽ ബുക്ക് ബാങ്ക് എന്ന പേരിൽ പദ്ധതിക്ക് രൂപം നൽകുന്നു.അർഹരായ വിദ്യാർത്ഥികൾക്ക് വർഷം മുഴുവനും പഠനോപകരണങ്ങൾ സൗജന്യമായി ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ജന്മദിനം, ഓർമ്മദിനം തുടങ്ങിയ വിശേഷ ദിവസങ്ങളിൽ കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ സംഭാവന ചെയ്യുന്ന രീതി നിലവിൽ ഉണ്ട്.അതുപോലെ തന്നെ പുസ്തകങ്ങൾ, പേനകൾ, പെൻസിലുകൾ, ബോക്സുകൾ തുടങ്ങി പഠനോപകരണങ്ങളും ബുക്ക് ബാങ്കിലേക്ക് സംഭാവന ചെയ്തുകൊണ്ട് അർഹരായവരിലേക്ക് എത്തിക്കുക എന്നുള്ളതാണ് പദ്ധതിയുടെ ലക്ഷ്യം.
ആവശ്യമുള്ള വിദ്യാർത്ഥികൾ ക്ലാസ് ടീച്ചറോട് ആവശ്യപ്പെട്ടാൽ പഠനോപകരണങ്ങൾ ലഭ്യമാകും. അതോടൊപ്പം, വിദ്യാർത്ഥിയുടെ സാമ്പത്തിക സാഹചര്യം മനസ്സിലാക്കുന്ന ക്ലാസ് ടീച്ചർ ആവശ്യപ്പെട്ടില്ലെങ്കിലും ബുക്ക് ബാങ്കിൽ നിന്ന് ഉപകരണങ്ങൾ ശേഖരിച്ച് കുട്ടിക്ക് നൽകും.
സ്കൂളിലെ എസ്.പി.സി പ്രോജക്റ്റിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ബുക്ക് ബാങ്കിലേക്കുള്ള ആദ്യ സംഭാവന ആദികേശ് അനുവിൽ നിന്നും സ്കൂൾ അധികൃതർ ഏറ്റുവാങ്ങി പദ്ധതി ഉദ്ഘാടനം ചെയ്തു .





