ഉപ്പുതറ പത്തേക്കർ -വട്ടപ്പാറ നിവാസികളുടെ സ്വപ്നമായി റോഡ് : യാഥാർഥ്യമാക്കാൻ നടപടിയില്ല
ഉപ്പുതറ പഞ്ചായത്തിലെ പത്തേക്കർ–വട്ടപ്പാറ പ്രദേശവാസികളുടെ വർഷങ്ങളായുള്ള സ്വപ്നമായ റോഡ് പദ്ധതി ഇന്നുവരെ യാഥാർത്ഥ്യമാകാതെ തുടരുന്നു. എസ്.സി. വിഭാഗം ഉൾപ്പെട്ട പ്രദേശത്തേക്കുള്ള ഈ വഴിയിലൂടെ യാത്ര സാധ്യമാകുന്നത്, വട്ടപ്പാറ ഭാഗത്ത് കലുങ്ക് നിർമാണം പൂർത്തിയാക്കിയാൽ മാത്രമെ കഴിയുവെന്നതാണ് വലിയ പ്രതിസന്ധി.
ബ്ലായിതറ വഴി വല്ലോർപടി–വട്ടപ്പാറ റോഡ് പൊരികണ്ണിയിലാണ് അവസാനിക്കുന്നത്. എന്നാൽ, പ്രത്യേകിച്ച് മഴക്കാലത്ത്, വഴിയിൽ രൂപപ്പെടുന്ന ചെളികുഴികളും ഗർത്തങ്ങളും കാരണം പ്രാദേശികർക്ക് വാഹനമാത്രമല്ല, കാൽനടയാത്ര പോലും ദുസ്സഹമാകുന്നു. സ്കൂൾ വാഹനങ്ങൾ പതിവായി എത്തുന്ന വഴിയായതിനാൽ, കുട്ടികളടക്കം നാട്ടുകാർ ഏറെ ബുദ്ധിമുട്ടിലാണ്.
ചില ഭാഗങ്ങളിൽ റോഡ് കോൺക്രീറ്റ് ചെയ്തിട്ടുണ്ടെങ്കിലും, ഭൂരിഭാഗവും ഇപ്പോഴും മൺറോഡും കുഴികളും നിറഞ്ഞതായതിനാൽ, യാത്രാസൗകര്യം പൂർണ്ണമായി തകരാറിലായിരിക്കുകയാണ്. അടിയന്തരമായി അധികാരികൾ ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.





