കട്ടപ്പന താലൂക്ക് ആശുപത്രിയുടെ പ്രവർത്തനങ്ങൾ അവതാളത്തിൽ.
കട്ടപ്പന ബ്യൂറോ.
കട്ടപ്പന:- നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും നിരവധി ആളുകൾ ആശ്രയിക്കുന്ന കട്ടപ്പന താലൂക്ക് ആശുപത്രിയുടെ പ്രവർത്തനങ്ങൾ അവതാളത്തിലായിട്ട് ദിവസങ്ങൾ പിന്നിടുന്നു. പനിക്കാലമായതോടുകൂടി നിരവധി രോഗികളാണ് ഈ ഹോസ്പിറ്റലിനെ ആശ്രയിക്കുന്നത്, എന്നാൽ ഡോക്ടർമാരുടെ കുറവുമൂലം ഇവിടെ എത്തുന്നവർ ബുദ്ധിമുട്ടുകയാണ്. ഡോക്ടർമാർ ഇല്ലാത്തതിനാൽ ഒരു ഫിസിഷൻ 120 മുതൽ 150 രോഗികളെ വരെ ഒരു ദിവസം നോക്കേണ്ട അവസ്ഥയാണ് ഉള്ളത്. കൂടാത നഴ്സിംഗ് അസിസ്റ്റന്റ്മാരുടെയും കുറവ് ഇവിടെയുള്ള പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്നു. കട്ടപ്പനയിലേക്ക് നിയമിച്ച ഒരു ഡോക്ടർ അടിമാലിയിലേക്ക് താൽക്കാലികമായി സ്ഥലം മാറി പോയിരുന്നു എന്നാൽ ഒരു വർഷമായിട്ടും അദ്ദേഹം തിരിച്ച് കട്ടപ്പനയിൽ ജോയിൻ ചെയ്തിട്ടില്ല. അങ്ങനെ നിരവധി പേരാണ് അസൗകര്യങ്ങൾ പറഞ്ഞ് കട്ടപ്പനയിൽ നിന്നും മാറി മറ്റുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത്. കൂടാതെ ഇവിടെയെത്തുന്ന പൊതുജനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങളായ പാർക്കിംഗ് ഗ്രൗണ്ട് ഉൾപ്പെടെ തകർന്നടിഞ്ഞ നിലയിലാണുള്ളത്.





