ഇടുക്കി, ചെറുതോണി ഡാമുകള്‍ : ഇന്ന് മുതല്‍ നവംബര്‍ 30 വരെ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശന അനുമതി
ഇടുക്കി, ചെറുതോണി ഡാമുകള്‍ കാണുന്നതിന് സെപ്റ്റംബര്‍ ഒന്നുമുതല്‍ നവംബര്‍ 30വരെ പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി.
എന്നാല്‍ ബുധനാഴ്ചകളിലും വെള്ളം തുറന്ന് വിടേണ്ട ദിവസങ്ങളിലും ശക്തമായ മഴയെ തുടർന്നുള്ള റെഡ്/ ഓറഞ്ച് മുന്നറിയിപ്പുകള്‍ നിലവിലുണ്ടാകുന്ന അവസരങ്ങളിലും ജില്ലാ ദുരന്തനിവാരണ അഥോറിറ്റി നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്ന ദിവസങ്ങളിലും പ്രവേശനം അനുവദിക്കില്ല.
ഡാമില്‍ നടക്കുന്ന അറ്റകുറ്റപ്പണികള്‍ക്ക് തടസമാകാതെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പുവരുത്തി സന്ദർശനം സാധ്യമാക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കി.
മാലിന്യ സംസ്‌കരണം, മുന്നറിയിപ്പ് ബോർഡുകള്‍, ക്ലീനിംഗ് ജീവനക്കാർ, ശുചിമുറി സൗകര്യങ്ങള്‍ തുടങ്ങിയവ ഹൈഡല്‍ ടൂറിസം വകുപ്പ് ഒരുക്കണം. പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കുകയും ഗ്രീൻ പ്രോട്ടോകോള്‍ പാലിക്കുകയും വേണം.
സന്ദർശകരുടെ സുരക്ഷയ്ക്കായി പോലീസിനെ നിയോഗിക്കുന്നതും ഇൻഷ്വറൻസ് സംവിധാനങ്ങളും ഹൈഡല്‍ ടൂറിസം വകുപ്പിന്‍റെ ഉത്തരവാദിത്വമായിരിക്കും.
അപകടസാധ്യതയുള്ള മേഖലകളില്‍ ബാരിക്കേഡുകളും സുരക്ഷാ ജീവനക്കാരെയും വിന്യസിച്ച് പ്രവേശനം നിയന്ത്രിക്കണം. ഡ്രൈവർമാർക്കും സന്ദർശകർക്കും നെക് ടാഗ് ഉണ്ടായിരിക്കണം. സാധുവായ ടാഗ് ഉള്ളവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.
തിരക്ക് ഒഴിവാക്കാൻ ബുക്കിംഗ് സംവിധാനം ശക്തിപ്പെടുത്തുകയും സുരക്ഷയും ശുചിത്വവും ഉറപ്പുവരുത്തിയും പൊതുജനങ്ങള്‍ക്ക് ഡാം സന്ദർശനം സാധ്യമാക്കുമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.





